മോസ്കോ: റഷ്യ യുക്രെയ്നിൽ ആണവായുധം പ്രയോഗിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ പടിഞ്ഞാറൻ രാജ്യങ്ങൾക്കെതിരെ ആഞ്ഞടിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്. ആണവയുദ്ധം ആഗ്രഹിക്കുന്നത് പടിഞ്ഞാറൻ രാജ്യങ്ങളാണെന്നും റഷ്യയുടെ തലയിൽ കെട്ടിവെക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം ലോകമഹായുദ്ധം ആണവയുദ്ധമായിരിക്കുമെന്ന് വളരെ വ്യക്തമാണെന്നും അദ്ദേഹം റഷ്യൻ, വിദേശ മാധ്യമങ്ങളോട് പറഞ്ഞു.
ആണവയുദ്ധം എന്ന ആശയം നിരന്തരം കറങ്ങുന്നത് പാശ്ചാത്യ രാഷ്ട്രീയക്കാരുടെ തലയിലാണ്. റഷ്യക്കാരുടെ തലയിൽ കെട്ടിവെക്കേണ്ട. തങ്ങളുടെ സമനില തെറ്റിക്കാൻ ഒരു പ്രകോപനത്തിനും കഴിയില്ലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. യു.എസിനെ ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ ബോണപ്പാർട്ടിനോടും ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറോടുമാണ് അദ്ദേഹം ഉപമിച്ചത്. അവരുടെ കാലത്ത് നെപ്പോളിയനും ഹിറ്റ്ലറും യൂറോപ്പിനെ കീഴടക്കാനുള്ള ദൗത്യം സ്വയം ഏറ്റെടുത്തു, ഇപ്പോൾ അമേരിക്കക്കാർ അതിനെ കീഴടക്കിയെന്നും ലാവ്റോവ് കുറ്റപ്പെടുത്തി.
കഴിഞ്ഞദിവസം റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ആണവായുധ സേനയോട് ഒരുങ്ങിയിരിക്കാൻ നിർദേശം നൽകിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ആണവ ശക്തിയാണ് റഷ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.