കിയവ്: വേദനയുടെ വർഷമാണ് പിന്നിട്ടതെന്നും 2023 വിജയത്തിന്റെ വർഷമാകുമെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു. റഷ്യൻ അധിനിവേശ വാർഷികത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘‘ഫെബ്രുവരി 24ന് നമ്മൾ ദശലക്ഷങ്ങൾ ഒന്ന് തെരഞ്ഞെടുത്തു. വെള്ളക്കൊടിയല്ല, മഞ്ഞയും നീലയും പതാക. ഒളിച്ചോട്ടമല്ല, നേരിടൽ. പ്രതിരോധവും പോരാട്ടവും. അത് വേദനയുടെയും ക്ലേശങ്ങളുടെയും ഐക്യത്തിന്റെയും വർഷമായിരുന്നു. 2023 വിജയത്തിന്റെ വർഷമാകുമെന്ന് നമുക്കറിയാം’’ വിഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഐക്യദാർഢ്യ പരിപാടികൾ നടന്നു.
യുക്രെയ്നെ പിന്തുണക്കുന്ന രാജ്യങ്ങളിൽ യുദ്ധ വാർഷികത്തോടനുബന്ധിച്ച് നിരവധി ഐക്യദാർഢ്യ പരിപാടികൾ നടന്നു. പാശ്ചാത്യ രാജ്യങ്ങളിൽ വിപുലമായ പരിപാടികളാണ് നടന്നത്. രാഷ്ട്രനേതാക്കൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ലണ്ടനിലെ യുക്രെയ്നിയൻ കാത്തലിക് കത്തീഡ്രലിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട 461 കുട്ടികളുടെ ഓർമക്കായി 461 ‘പേപ്പർ മാലാഖ’മാരെ തൂക്കിയിട്ടു. ഫ്രാൻസിലെ ഈഫൽ ടവറിൽ യുക്രെയ്ൻ പതാകയുടെ നിറത്തിൽ വെളിച്ചം അണിയിച്ചു. ജപ്പാനിൽ യു.എൻ സർവകലാശാലക്ക് പുറത്ത് ആളുകൾക്ക് മെഴുകുതിരി തെളിക്കാൻ അവസരമൊരുക്കി.
ബെൽജിയത്തിൽ യുദ്ധ കെടുതിയനുഭവിച്ച കുട്ടികളുടെ പ്രതീകമായി കളിപ്പാട്ടങ്ങളും പാവകളും നിരത്തി. കസാഖ്സ്ഥാനിൽ എഴുത്തുകാരും കലാകാരന്മാരും പൊതുജനങ്ങളും രാഷ്ട്രീയ നേതാക്കളും ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുത്തു. ഇന്ത്യയിൽ യുദ്ധത്തിന്റെ ഇരകളുടെ പടത്തിൽ പുഷ്പവർഷം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.