ലിംഗമാറ്റ ശസ്ത്രക്രിയ നിയമവിരുദ്ധമാക്കി റഷ്യ; ട്രാൻസ്‌ജെൻഡറുകൾക്ക് കുട്ടികളെ ദത്തെടുക്കാനും വിലക്ക്

മോസ്‌കോ: എൽ.ജി.ബി.ടി വിഭാഗങ്ങളുടെ ലിംഗമാറ്റ ശസ്ത്രക്രിയ തടഞ്ഞുകൊണ്ടുള്ള ബില്ലിന് അനുമതി നൽകി റഷ്യ. റഷ്യൻ പാർലമെന്‍റിന്‍റെ അധോസഭയായ സ്റ്റേറ്റ് ഡുമയിലാണ് ബില്ല് അവതരിപ്പിച്ചത്. എൽ.ജി.ബി.ടി സംസ്‌കാരം പൊതുവിടത്തിൽ പരസ്യമായി പ്രദർശിപ്പിക്കുന്നത് വിലക്കിയതിന് പിന്നാലെയാണ് റഷ്യ പുതിയ നിയമം പാസാക്കുന്നത്. പ്രസിഡന്‍റ് വ്‌ലാദ്മിർ പുടിന്റെ അനുമതി ലഭിച്ചാൽ റഷ്യയിൽ നിയമം ഔദ്യോഗികമായി നടപ്പിലാക്കും.

കുട്ടികളെയും പൗരന്മാരെയും സംരക്ഷിക്കുന്നതിനാണ് ഈ നിയമമെന്ന് ഡുമ സ്പീക്കർ പറഞ്ഞു. ''യൂറോപ്പിലെല്ലാം നടക്കുന്ന ഇത്തരം പ്രവണതകളെ എതിർക്കുന്ന ഏക യൂറോപ്യൻ രാജ്യമാണ് റഷ്യ. നമ്മുടെ പാരമ്പര്യമൂല്യങ്ങളെ സംരക്ഷിക്കാനായി ഈ നിയമം കൊണ്ടുവരണം. ലിംഗമാറ്റം നിരോധിച്ചില്ലെങ്കിൽ നമ്മുടെ ഭാവി അപകടത്തിലാകുമെന്ന് തിരിച്ചറിയേണ്ടതുണ്ട്.''-അദ്ദേഹം പറഞ്ഞു.

ഏതാനും ഭേദഗതികളോടെയാണ് ബില്ല് പാസാക്കിയത്. പങ്കാളികളിൽ ഒരാൾ ലിംഗമാറ്റം നടത്തിയിട്ടുണ്ടെങ്കിൽ ഇവരുടെ വിവാഹം അസാധുവാകും. കുട്ടികളെ ദത്തെടുക്കുന്നതും പുതിയ ബില്ലിൽ വിലക്കുണ്ട്.

എന്നാൽ സമൂഹത്തിൽ ധാരാളം വിവേചനങ്ങളും വിമർശനങ്ങളും നേരിടുന്ന ഈ വിഭാഗത്തെ കൂടുതൽ അടിച്ചമർത്താനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് ട്രാൻസ് സ്വത്വം പരസ്യമാക്കിയ യൂലിയ അല്യോഷിന ചൂണ്ടിക്കാട്ടി. ട്രാൻസ്‌ജെൻഡർ സമൂഹത്തെ മാനസികമായി തകർക്കുന്ന നടപടിയാണെന്നും ഇത് തികച്ചും ഫാഷിസ്റ്റ് സ്വഭാവത്തിലുള്ള നിയമമാണെന്നും 'സെന്‍റർ ടി'യുടെ തലവൻ യാൻ ഡിവോർക്കിൻ പ്രതികരിച്ചു. 

Tags:    
News Summary - Russian parliament bans gender reassignment surgery for trans people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.