കിയവ്: യുക്രെയ്നിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ എട്ട് സാധാരണക്കാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. രാജ്യത്തിന്റെ 11 മേഖലകളിൽ വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയുമായി ആക്രമണമുണ്ടായതായാണ് യുക്രെയ്ൻ അധികൃതർ പറയുന്നത്.
ഡോണെറ്റ്സ്ക്, ബഖ്മുത്, സപൊറീഷ്യ, ചെർണിവ് എന്നീ മേഖലകളിലാണ് ആളുകൾ കൊല്ലപ്പെട്ടത്. റോക്കറ്റ് ലോഞ്ചറുകൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ 20 വീടുകളും കാറുകളും ഗ്യാസ് പൈപ് ലൈനുകളും പ്രാദേശിക സാംസ്കാരിക കേന്ദ്രവും തകർന്നു. സപൊറീഷ്യ ആണവനിലയത്തിന് അധികം ദൂരെയല്ലാതെയും ആക്രമണമുണ്ടായതായും ആണവനിലയം തകർക്കപ്പെടാനുള്ള സാധ്യത തള്ളാനാവില്ലെന്നും യുക്രെയ്ൻ ആഭ്യന്തരമന്ത്രാലയം വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. അതിനിടെ അതിർത്തി ഗ്രാമങ്ങളിൽ യുക്രെയ്ൻ ക്ലസ്റ്റർ ബോംബാക്രമണം നടത്തിയതായി റഷ്യ ആരോപിച്ചു. പശ്ചിമ ബെൽഗൊറോഡ് മേഖലയിൽ ക്ലസ്റ്റർ ബോംബ് വീണതായി ഗവർണർ വ്യാചെസ്ലാവ് ഗ്ലാദ്കോവ് ട്വിറ്ററിൽ പറഞ്ഞു.
പോളണ്ട് ബെലസൂറിൽ കയറിയാൽ നേരിടും -പുടിൻ
മോസ്കോ: പോളണ്ട് ബെലറൂസിൽ കടന്നുകയറിയാൽ തങ്ങൾക്കെതിരായ നീക്കമായി കണക്കാക്കി നേരിടുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ബെലറൂസിനെ സംരക്ഷിക്കാൻ ഏതു മാർഗവും സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, യുക്രെയ്നിലെയും ബെലറൂസിലെയും ഭൂമിയിൽ തങ്ങൾക്ക് നോട്ടമില്ലെന്ന് പോളണ്ട് വ്യക്തമാക്കി. പടിഞ്ഞാറൻ യുക്രെയ്നിൽ പോളിഷ്-ലിത്വേനിയൻ സൈന്യത്തിന്റെ സാന്നിധ്യമുണ്ടെന്ന പുടിന്റെ ആരോപണവും പോളണ്ട് നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.