നാവികരെ മാറ്റിയത് ഹോട്ടലിലേക്കല്ല, മുറിയിൽ പൂട്ടിയിട്ടു

ക്വറ്റോറിയൽ ഗിനിയിൽ തടവിലായ മലയാളികൾ ഉൾപ്പെടെയുള്ള നാവികരെ ഹോട്ടലിലേക്ക് മാറ്റുന്നതിന് പകരം മുറിയിൽ പൂട്ടിയിട്ടതായി റിപ്പോർട്ടുകൾ. രണ്ട് മലയാളികൾ ഉൾപ്പെടെ 15 പേരെ ഹോട്ടലിലേക്ക് മാറ്റിയെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിവരം. എന്നാൽ, തങ്ങളെ മുറിയിൽ പൂട്ടിയിട്ടതായി സംഘത്തിലെ കൊല്ലം സ്വദേശി വിജിത്ത് പറഞ്ഞു. മുറിക്ക് പുറത്ത് സൈനികർ കാവൽ നിൽക്കുകയാണ്. നേരത്തെ, നാവികരെ നൈജീരിയക്ക് കൈമാറാനുള്ള നീക്കം നയതന്ത്രതലത്തിലെ ഇടപെടലിലൂടെ തടഞ്ഞിരുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഫസ്റ്റ് ഓഫിസർ മലയാളിയായ സനു ജോസിനെ കപ്പലിൽ തിരിച്ചെത്തിക്കുകയും ചെയ്തിരുന്നു.

16 ഇന്ത്യക്കാർ ഉൾപ്പെടെ 26 നാവികരെയാണ് സെൻട്രൽ ആഫ്രിക്കന്‍ രാജ്യമായ ഇക്വറ്റോറിയൽ ഗിനിയയില്‍ തടവിലാക്കിയത്. നോര്‍വേ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പലിലെ ജീവനക്കാരാണ് ഇവർ. സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് നൈജീരിയൻ സൈന്യത്തിന്‍റെ നിർദേശപ്രകാരം ഇവരെ ഗിനിയന്‍ നേവി കപ്പല്‍ വളഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മോചനദ്രവ്യം കപ്പല്‍ കമ്പനി നല്‍കിയിട്ടും ഇവരെ മോചിപ്പിച്ചില്ല. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്ത വിസ്മയയുടെ സഹോദരന്‍ വിജിത്ത്, കൊച്ചി സ്വദേശി മിൽട്ടൻ എന്നിവരാണ് സംഘത്തിലുള്ള മറ്റ് മലയാളികൾ.

ഇക്വറ്റോറിയൽ ഗിനിയില്‍ പിടിയിലായ നാവികരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ശ്രമം തുടരുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. വിദേശകാര്യ മന്ത്രാലയവും എംബസിയും ചർച്ചകൾ തുടരുകയാണ്. പിടികൂടിയവരെ നൈജീരിയക്ക് കൈമാറാനുള്ള നീക്കം തടയാൻ നൈജീരിയൻ സർക്കാരുമായും ചർച്ച നടത്തിയെന്നും ഗിനിയയിൽ നിന്ന് നേരിട്ട് നാട്ടിലെത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.