സാറ നെതന്യാഹുവും ഭർത്താവും ഇസ്രായേൽ പ്രധാനമന്ത്രിയുമായ ബിന്യമിൻ നെതന്യാഹുവും

മോചിതരായ ബന്ദികൾക്ക് നന്ദിയില്ലെന്ന് നെതന്യാഹുവിന്റെ ഭാര്യ: ‘എന്നോടും ഭർത്താവിനോടും നന്ദിവാക്ക് പോലും പറഞ്ഞില്ല’

തെൽഅവീവ്: നവംബർ അവസാനത്തോടെ ഹമാസിന്റെ തടവിൽ നിന്ന് മോചിതരായ നൂറിലധികം ബന്ദികൾ തന്നോടും ഭർത്താവിനോടും വേണ്ടത്ര നന്ദി പ്രകടിപ്പിച്ചില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ഭാര്യ സാറ നെതന്യാഹു. ബന്ദി മോചനം സംബന്ധിച്ച ചർച്ചക്കിടെ പ്രതിപക്ഷാംഗത്തോടാണ് സാറ ഇങ്ങനെ അഭിപ്രായപ്പെട്ടതെന്ന് ഇസ്രായേൽ മാധ്യമമായ ‘ചാനൽ 12’ റിപ്പോർട്ട് ചെയ്തു. “എത്ര ബന്ദികൾ തിരിച്ചെത്തിയെന്ന് നിങ്ങൾ കണ്ടോ? അവർ ഞങ്ങളോട് നന്ദി പോലും പറഞ്ഞില്ല’’ -എന്നാണ് സാറ പറഞ്ഞതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇതിനെതിരെ മോചിതരായ ബന്ദികളും തടവിലുള്ളവരുടെ ബന്ധുക്കളും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ബന്ദികളെ തിരികെ കൊണ്ടുവന്നതിന് സാറ നെതന്യാഹു ഉത്തരവാദിയാണെന്നതിൽ തനിക്ക് സന്തോഷമുണ്ടെന്ന് ബന്ദിയായ മതൻ സങ്കൗക്കറുടെ മാതാവ് ഐനവ് സങ്കൗക്കർ പരിഹസിച്ചു. ‘എന്റെ മകൻ മതനെ തട്ടിക്കൊണ്ടുപോയതിന്റെ ഉത്തരവാദിത്തം അവൾ ഏറ്റെടുക്കുകയാണെങ്കിൽ ഞാൻ സന്തോഷവതിയാണ്. മാതനെ വീട്ടിലേക്ക് കൊണ്ടുവരാനുള്ള ഉത്തരവാദിത്തം അവൾക്കാണെങ്കിൽ അതിലും ഞാൻ സന്തോഷവതിയാണ്’ -അവർ മാധ്യമങ്ങളോട് പറഞ്ഞു.

സാറയുടെ പ്രസ്താവനക്കെതിരെ നവംബറിൽ മോചിതയായ ബന്ദി ലിയാം ഓർ രൂക്ഷവിമർശനം ഉന്നയിച്ചു. ചാനൽ 12 റിപ്പോർട്ടിൻ്റെ സ്‌ക്രീൻഷോട്ടിനൊപ്പം “ക്ഷമിക്കണം, എന്നെ തട്ടിക്കൊണ്ടുപോയി” എന്ന കുറിപ്പ് അവർ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചു.

മോചിപ്പിക്കപ്പെട്ട മറ്റൊരു ബന്ദി മായ റെഗെവ് സോഷ്യൽ മീഡിയയിൽ എഴുതിയത് ഇങ്ങനെയായിരുന്നു: “എന്നെ തട്ടിക്കൊണ്ടുപോയതിൽ ഖേദിക്കുന്നു. ഇപ്പോഴും ബന്ദികളായ എ​ന്റെ സഹോദരീ സഹോദരൻമാരെ തിരികെ വീട്ടിലെത്തിക്കാതെ അവർ ഇങ്ങനെ ചെയ്യുന്നതിൽ ഞാൻ കൂടുതൽ ഖേദിക്കുന്നു’.

“ക്ഷമിക്കണം എന്നെ തട്ടിക്കൊണ്ടുപോയി. അടുത്ത തവണ ഞാൻ ഗാസയിൽ എന്റെ അവധിക്കാലം ചെലവഴിക്കും’ എന്നായിരുന്നു നവംബറിൽ മോചിപ്പിക്കപ്പെട്ട മറ്റൊരു ബന്ദി യാഗിൽ യാക്കോവ് (13)ഇൻസ്റ്റാഗ്രാമിൽ എഴുതിയത്. യാഗിലിന്റെ പിതാവിന്റെ മൃതദേഹം ഇപ്പോഴും ഗസ്സയിലാണുള്ളത്.

ഒക്‌ടോബർ 7ന് ബന്ദികളാക്കിയ ഇസ്രാ​​യേൽ സൈനികരടക്കമുള്ള 253 പേരിൽ 105 സിവിലിയന്മാരെ നവംബറിൽ ഹമാസ് വിട്ടയച്ചിരുന്നു. നാല് പേരെ അതിന് മുമ്പും മോചിപ്പിച്ചിരുന്നു. മൂന്ന് ബന്ദികളെ ഐ.ഡി.എഫ് മോചിപ്പിക്കുകയും 11 ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുക്കുകയും ചെയ്തിരുന്നു. ബാക്കി 130 പേർ ഇപ്പോഴും തടവിലാണ്. ഇതിൽ ചുരുങ്ങിയത് 33 പേരെങ്കിലും കൊല്ല​പ്പെട്ടതായി ഐഡിഎഫ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രായേൽ ആക്രമണത്തിൽ നിരവധി ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസും അറിയിച്ചിരുന്നു.

തങ്ങളുടെ പ്രിയപ്പെട്ടവരെ മോചിപ്പിക്കാൻ ഇസ്രായേൽ സർക്കാർ ഹമാസുമായി സന്ധിചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ദികളുടെ കുടുംബങ്ങളും മോചിതരായവരും മാസങ്ങളോളം പ്രതിഷേധങ്ങളും റാലികളും നടത്തിയിരുന്നു. എന്നാൽ, ഇസ്രായേൽ ഇതുവരെ ഒത്തുതീർപ്പിന് സന്നദ്ധമായിട്ടില്ല.

അതിനിടെ, ബന്ദികൾ നന്ദിയില്ലാത്തവരാണെന്ന് സാറ നെതന്യാഹു പറഞ്ഞിട്ടില്ലെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ഓഫിസ് വ്യാഴാഴ്ച അറിയിച്ചു. റിപ്പോർട്ടിൽ നുണകളും കെട്ടുകഥകളുമാണെന്ന് ഓഫിസ് ആരോപിച്ചു. ബന്ദികളാക്കിയവർക്ക് വേണ്ടി ജറുസലേമിലെ വെസ്റ്റേൺ വാളിൽ വ്യാഴാഴ്ച വൈകുന്നേരം നടന്ന പ്രാർത്ഥനാ ശുശ്രൂഷയിൽ പങ്കെടുത്ത സാറാ നെതന്യാഹുവിനോട് ചാനൽ 12 റിപ്പോർട്ടർ വിവാദ പരാമർശത്തെ കുറിച്ച് വിശദീകരണം ചോദിച്ചെങ്കിലും അവർ പ്രതികരിച്ചില്ല.

Tags:    
News Summary - Sara Netanyahu complaining that freed hostages ‘didn’t even thank us’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.