ജിദ്ദ: സുഡാനിൽനിന്ന് സൗദിയുടെ ശ്രമഫലമായി ആളുകളെ രക്ഷപ്പെടുത്തുന്ന ദൗത്യം തുടരുന്നു. വ്യാഴാഴ്ച വൈകീട്ടും വെള്ളിയാഴ്ച രാവിലെയുമായി സൗദിയുടെ മൂന്ന് കപ്പലുകളിലായി വിവിധ രാജ്യക്കാരായ 447 ആളുകളെയാണ് ജിദ്ദയിലെത്തിച്ചത്. ‘റിയാദ്’എന്ന കപ്പലിൽ 200 വിദേശികളാണ് എത്തിയത്. ഗാംബിയ, നൈജീരിയ, പാകിസ്താൻ, കാനഡ, ബഹ്റൈൻ, തായ്ലൻഡ്, യു.എസ്, ലബനാൻ, അഫ്ഗാനിസ്താൻ, ഫലസ്തീൻ, സൊമാലിയ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണിവർ.
വെള്ളിയാഴ്ച രാവിലെ വിവിധ രാജ്യക്കാരായ 52 പേരുമായി മറ്റൊരു കപ്പൽ ജിദ്ദയിലെത്തി. ‘ജുബൈൽ’എന്ന കപ്പലിലെത്തിയവർ യു.കെ, ദക്ഷിണാഫ്രിക്ക, റഷ്യ, ഘാന, ലബനാൻ, യു.എസ്, നൈജർ, ബംഗ്ലാദേശ്, ലിബിയ, കാനഡ, ഗിനിയ എന്നിവിടങ്ങളിൽനിന്നുള്ളവരാണ്.
തൊട്ടുപിറകെ ‘മക്ക’എന്ന കപ്പലിൽ വിവിധ രാജ്യങ്ങളിലെ 195 പൗരന്മാർകൂടി എത്തി. പാകിസ്താൻ, ഫലസ്തീൻ, തായ്ലൻഡ്, മോറിത്താനിയ, ശ്രീലങ്ക, യു.എസ്, പോളണ്ട്, ഇന്ത്യ, യു.കെ, ഓസ്ട്രിയ, ഇന്തോനേഷ്യ, കാനഡ, ഇറാഖ്, ഈജിപ്ത്, ആസ്ട്രേലിയ, സിറിയ എന്നീ രാജ്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്.
വിവിധ രാജ്യങ്ങൾ അഭ്യർഥിച്ചതിനെ തുടർന്ന് സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശത്തെ തുടർന്നാണ് സുഡാനിൽ കുടുങ്ങിയ വിവിധ രാജ്യക്കാരെ സൗദി വിദേശകാര്യാലയം ജിദ്ദയിലെത്തിക്കുന്നത്. ഒഴിപ്പിക്കൽ ആരംഭിച്ച ശേഷം ഇതുവരെ 2,991 പേരെ ജിദ്ദയിലെത്തിച്ചതായാണ് കണക്ക്. ഇവരിൽ 119 പേർ സ്വദേശികളും 2,872 പേർ 80 രാജ്യങ്ങളിൽനിന്നുള്ള വിദേശികളുമാണ്.
ജിദ്ദ തുറമുഖത്ത് എത്തുന്നവരെ സ്വീകരിക്കാനും അവർക്ക് വേണ്ട ആവശ്യം പൂർത്തീകരിക്കാനും വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരും സൗദി നേവൽ ഫോഴ്സിന് കീഴിലെ സൈനികരുമായി നിരവധി പേർ രംഗത്തുണ്ട്. മടക്കയാത്രാനടപടികൾ എളുപ്പമാക്കാൻ പ്രവേശന കവാടങ്ങളിൽ പാസ്പോർട്ട് വകുപ്പും എല്ലാ സജ്ജീകരണങ്ങളും ഒരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.