അഫ്ഗാനിസ്ഥാനിലെ ഹിന്ദു, സിഖ് കൗൺസിൽ അംഗങ്ങളുമായി ഡോ. മുല്ല അബ്ദുൽ വാസി ചർച്ച നടത്തുന്നു

ഹിന്ദുക്കളും സിഖുകാരും അഫ്ഗാനിൽ മടങ്ങിയെത്തണമെന്ന് താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിലെ സുരക്ഷ പ്രശ്‌നങ്ങൾ പരിഹരിച്ചതായും രാജ്യത്തെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളും സിഖുകാരും മടങ്ങിയെത്തണമെന്നും താലിബാന്റെ അഭ്യർഥന. താലിബാൻ മന്ത്രിയുടെ ഓഫിസ് ഡയറക്ടർ ജനറൽ ഡോ. മുല്ല അബ്ദുൽ വാസി ഞായറാഴ്ച അഫ്ഗാനിസ്ഥാനിലെ ഹിന്ദു, സിഖ് കൗൺസിൽ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ആവശ്യം ഉന്നയിച്ചത്. സുരക്ഷ പ്രശ്‌നങ്ങൾ കാരണം രാജ്യം വിട്ട എല്ലാ ഇന്ത്യക്കാർക്കും സിഖുകാർക്കും രാജ്യത്ത് സുരക്ഷ ഏർപ്പെടുത്തിയതിനാൽ ഇപ്പോൾ അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങാമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

ഇസ്‍ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രൊവിൻസ് (ഐ.എസ്.കെ.പി) കാബൂളിലെ ഗുരുദ്വാരക്കെതിരെ നടത്തിയ ആക്രമണം തടഞ്ഞതിന് സിഖ് നേതാക്കൾ നന്ദി പറഞ്ഞതായി താലിബാൻ വാർത്ത കുറിപ്പിൽ അവകാശപ്പെട്ടു. കാബൂളിലെ കാർട്ടെ പർവാൻ ഗുരുദ്വാരക്കെതിരെ ജൂൺ 18നായിരുന്നു ആക്രമണം. ഇതിൽ ഒരു സിഖുകാരൻ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണകാരികൾ എത്തുമ്പോൾ 30ഓളം പേർ ഗുരുദ്വാര സമുച്ചയത്തിനുള്ളിൽ പ്രഭാത പ്രാർഥനക്കുണ്ടായിരുന്നു. ഗുരുദ്വാര കാവൽക്കാരൻ അഹ്മദ് എന്നയാളെ അക്രമികൾ കൊലപ്പെടുത്തി.

ആക്രമണത്തിൽ തകർന്ന ഗുരുദ്വാര നവീകരിക്കാൻ താലിബാന്റെ നേതൃത്വത്തിലുള്ള അഫ്ഗാനിസ്താൻ സർക്കാർ തീരുമാനിക്കുകയും നാശനഷ്ടങ്ങളുടെ തോത് വിലയിരുത്താൻ സാങ്കേതിക സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

2020 മാർച്ചിൽ, കാബൂളിലെ ഷോർട്ട് ബസാർ ഏരിയയിലെ ശ്രീ ഗുരു ഹർ റായ് സാഹിബ് ഗുരുദ്വാരയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ 27 സിഖുകാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഉത്തരവാദിത്തം ഇസ്‍ലാമിക് സ്റ്റേറ്റാണ് ഏറ്റെടുത്തത്.

Tags:    
News Summary - Security issues resolved; Taliban wants Hindus and Sikhs to return

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.