മൻഡലായ് (മ്യാന്മർ): വെടിയേറ്റ് പിതാവിന്‍റെ മടിയിലേക്ക് വീണ ആ കുഞ്ഞുമോൾ മരണത്തിലേക്ക് പിടഞ്ഞുകൊണ്ടിരിക്കവേ പിതാവിനോട് പറഞ്ഞു -'എനിക്ക് സഹിക്കാൻ കഴിയുന്നില്ല..അത്രക്കും വേദനയുണ്ട്'. ഏഴു വയസ്സുള്ള ഖിൻ മ്യോ ചിത് എന്ന ആ ബാലികയെ ആശുപത്രിയിലെത്തിച്ചെങ്കിലും ആ കാപാലികരുടെ വെടിയുണ്ടകൾ അതിനുമുേമ്പ അവളുടെ ജീവനെടുത്തിരുന്നു. കണ്ണിൽചോരയില്ലാത്ത മ്യാന്മറിലെ സൈനികർ ആ പിഞ്ചുമകളുടെ ദേഹത്തേക്ക് നിർദാക്ഷിണ്യം നിറയൊഴിക്കുകയായിരുന്നു. മൻഡലായിലെ വീട്ടിൽ സൈന്യം തെരച്ചിൽ നടത്തുന്നതിനിടെ പേടിച്ചരണ്ട അവൾ പിതാവിന്‍റെ അടുത്തേക്ക് ഓടിയടുക്കുന്നതിനിടയിലാണ് അവർ ചിതിനുനേരെ കാഞ്ചി വലിച്ചത്.
ചൊവ്വാഴ്ച വൈകീട്ടാണ് സൈന്യം അവളുടെ പ്രദേശത്ത് റെയ്ഡിനെത്തിയത്. ആയുധങ്ങളുണ്ടോയെന്ന് പരിശോധിക്കാനും പ്രക്ഷോഭകരെ അറസ്റ്റ് ചെയ്യാനുമായിട്ടായിരുന്നു അവരുടെ വരവെന്ന് ചിതിന്‍റെ മൂത്ത സഹോദരി മേ തു സുമയ്യ പറഞ്ഞു. അവർ വന്നപാടെ വീടിന്‍റെ വാതിൽ ചവിട്ടിത്തുറന്നു. കതകുതുറന്നശേഷം അകത്ത് ആരെങ്കിലുമുണ്ടോ എന്ന് പിതാവിനോടവർ ചോദിച്ചു. 'ഇല്ല' എന്ന് അദ്ദേഹം മറുപടി പറഞ്ഞതോടെ നുണ പറയുകയാണെന്ന് പറഞ്ഞ് അവർ അകത്തു കയറി പരിശോധന തുടങ്ങി. ഇതിനിടയിലാണ് പേടിച്ചരണ്ട അനുജത്തി പിതാവിന്‍റെ മടിയിലിരിക്കാനായി അദ്ദേഹത്തിനടുത്തേക്ക് ഓടിയത്. ഉടൻ അവർ അവൾക്കുനേരെ വെടിവെക്കുകയായിരുന്നുവെന്ന് സുമയ്യ വിതുമ്പലോടെ പറയുന്നു.
മ്യാന്മർ മുസ്ലിം മീഡിയക്കു നൽകിയ അഭിമുഖത്തിൽ ചിതിന്‍റെ അവസാന നിമിഷങ്ങൾ പിതാവ് ഉമോങ് കോ ഹാഷിൻ ബായ് കണ്ണീരോടെ വിവരിച്ചു. 'വേദന കൊണ്ട് പുളഞ്ഞ എന്‍റെ പൊന്നുമോൾക്ക് അത് സഹിക്കാനാവുന്നുണ്ടായിരുന്നില്ല. ഞങ്ങളവളെ ഒരു കാറിൽ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.' ഹാഷിൻ ബായുടെ 19 വയസ്സുള്ള മകനെയും പൊലീസ് മർദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ചിതിന്‍റെ മരണത്തോട് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.
മ്യാന്മറിൽ പട്ടാളം ഭരണം പിടിച്ചെടുത്തശേഷം നടക്കുന്ന അതിക്രമങ്ങളിൽ 20ലധികം കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടതായി 'സേവ് ദ ചിൽഡ്രൺ' ഗ്രൂപ് വെളിപ്പെടുത്തി. മുതിർന്നവരടക്കം മൊത്തം കൊല്ലപ്പെട്ടവരുടെ എണ്ണം 164 ആയി. പ്രക്ഷോഭകർക്കുനേരെ ഒരു ദയാദാക്ഷിണമ്യവുമില്ലാത്ത നടപടികളാണ് പട്ടാളം സ്വീകരിക്കുന്നത്. സൈന്യം കൊന്നവരിൽ ഏറ്റവും ഇളയവളാണ് ഖിൻ മ്യോ ചിത്. കഴിഞ്ഞ ദിവസം മൻഡലായിയിൽതന്നെ സൈന്യത്തിന്‍റെ വെടിേയറ്റ് ഒരു 14 കാരൻ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.