ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പ്രതിപക്ഷ പാർട്ടികൾ പാക്കിസ്ഥാൻ മുസ്ലീം ലീഗ് നവാസിന്‍റെ അധ്യക്ഷനും മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്‍റെ സഹോദരനുമായ ഷഹ്ബാസ് ഷരീഫിനെ പ്രധാനമന്ത്രി സ്ഥാനാർഥിയായി നാമനിർദേശം ചെയ്തു. ഭരണഘടനക്ക് വേണ്ടി നിലകൊണ്ട എല്ലാവർക്കും നന്ദിയെന്ന് ഷഹ്ബാസ് ഷരീഫ് ട്വീറ്റ് ചെയ്തു.
ശനിയാഴ്ച രാത്രി വൈകിയാണ് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്തിയാക്കിയത്. ഇമ്രാൻ ഖാൻ സർക്കാരിനെ താഴെ ഇറക്കാനുള്ള പ്രതിപക്ഷ ശ്രമങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് ഷഹ്ബാസ് ഷരീഫ് ആയിരുന്നു.
പുതിയ സർക്കാരിന്‍റെ അടുത്ത വിദേശകാര്യ മന്ത്രിയായി പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി അധ്യക്ഷൻ ബിലാവൽ ഭൂട്ടോയെ നിയമിച്ചേക്കുമെന്ന് വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട് ചെയ്തു.
പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായി ഷഹാബാസ് മൂന്ന് തവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബിലാവൽ ഭൂട്ടോ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെയും മുൻ പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെയും മകനാണ്.
സർക്കാരിനെതിരെ ഗൂഢാലോചന നടന്നെന്ന ഇമ്രാൻ ഖാന്‍റെ ആരോപണത്തിൽ, അത്തരത്തിൽ ഗൂഡാലോചന നടന്നിരുന്നെങ്കിൽ ഉടൻ തന്നെ നടപടിയെടുക്കണമായിരുന്നെന്ന് ബിലാവൽ ഭൂട്ടോ പറഞ്ഞു. നിലവിലെ പോരാട്ടം പി.ടി.ഐ.യും പി.പി.പി.യും പി.ഡി.എമ്മും തമ്മിലല്ലെന്നും ഭരണഘടന ഉയർത്തിപ്പിടിക്കുന്നവരും അതിനെ അവഗണിക്കുന്നവരും തമ്മിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത പ്രധാനമന്ത്രിയെ നാമനിർദേശം ചെയ്യുന്നതിനായി ദേശീയ അസംബ്ലി തിങ്കളാഴ്ച വീണ്ടും ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.