ഇസ്ലാമാബാദ്: ഇംറാൻ ഖാൻ ക്രീസ് വിടുമ്പോൾ പാക് ജനതയും ലോകവും ഒരുപോലെ ഉറ്റുനോക്കുന്നത് ശഹ്ബാസ് ശരീഫിനെ. പാകിസ്താൻ മുസ്ലിംലീഗ്-നവാസ് (പി.എം.എൽ-എൻ) അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ ശഹ്ബാസ് ശരീഫ് കടുത്ത പ്രായോഗികവാദിയായാണ് അറിയപ്പെടുന്നത്. മൂന്നുതവണ പ്രധാനമന്ത്രിയായ നവാസ് ശരീഫിന്റെ ഇളയ സഹോദരനാണ് 70 വയസ്സുള്ള ശഹ്ബാസ്. പ്രതിപക്ഷ പാര്‍ട്ടികളില്‍ പൊതുസമ്മതനും പഞ്ചാബ് പ്രവിശ്യയിൽ വികസന വെളിച്ചമെത്തിച്ച മുന്‍ മുഖ്യമന്ത്രിയായിട്ടും എന്നും നവാസിന്റെ നിഴലിൽ നിൽക്കാനായിരുന്നു ശഹ്ബാസിന്റെ വിധി. ഒരുപരിധി വരെ ശഹ്ബാസ് അത് ആസ്വദിക്കുകയും ചെയ്തിരുന്നു. സൈനിക മേധാവി ആയിരിക്കെ പർവേസ് മുശർറഫ് വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി സ്ഥാനം വരെ നിരസിക്കാൻ ശഹ്ബാസിന് മടിയുണ്ടായില്ല. നവാസുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന മുശർറഫിന്റെ നിബന്ധനയാണ് ശഹ്ബാസിനെ അസ്വസ്ഥനാക്കിയത്.
ഒടുവിൽ പി.എം.എൽ-എൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ പേര് അംഗീകരിക്കുന്നത് ഗത്യന്തരമില്ലാതെയാണ്. മകൾ മറിയം പ്രധാനമന്ത്രിയാകണമെന്നാണ് നവാസ് ശരീഫ് ആഗ്രഹിച്ചതെങ്കിലും 2018ൽ അഴിമതിക്കേസിൽ അവർ ശിക്ഷിക്കപ്പെട്ടത് തിരിച്ചടിയായി.
1951 സെപ്റ്റംബറിൽ ലാഹോറിലെ പഞ്ചാബി സംസാരിക്കുന്ന കശ്മീരി കുടുംബത്തിലാണ് ശഹ്ബാസിന്റെ ജനനം. 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കശ്മീരിലെ അനന്ത്നാഗിൽനിന്ന് കച്ചവടത്തിനായി കുടിയേറി അമൃത്സറിലെത്തിയവരാണ് ശഹ്ബാസിന്റെ കുടുംബം. അമൃത്സർ ജില്ലയിലെ ജതിഉംറ ഗ്രാമത്തിൽ വ്യവസായിയായിരുന്നു പിതാവ് മുഹമ്മദ് ശരീഫ്.
വിഭജനത്തിനുശേഷം ശഹ്ബാസിന്റെ കുടുംബം ലാഹോറിലേക്ക് കുടിയേറി. ലാഹോറിലെ ഗവ. കോളജ് യൂനിവേഴ്സിറ്റിയിൽനിന്ന് ബിരുദം നേടി. പഠനശേഷം വ്യവസായം ഏറ്റെടുത്ത ശഹ്ബാസിന് പിതാവിന്റെ പെരുമ കാക്കാനായി. ഉരുക്കുനിർമാണ കമ്പനി ഉടമ വരെയായി ശഹ്ബാസ്. അഞ്ചുതവണ വിവാഹം കഴിച്ചു. നിലവിൽ രണ്ടു ഭാര്യമാർ - നുസ്രത്ത്, തെഹ്മിന ദുരാനി. മൂത്തമകൻ ഹംസ പഞ്ചാബ് നിയമസഭയിലെ പ്രതിപക്ഷ നേതാവാണ്.
പാകിസ്താൻ രാഷ്ട്രീയത്തിൽ നിർണായകമായ പഞ്ചാബ് പ്രവിശ്യയിൽ വികസനവെളിച്ചം എത്തിച്ച നേതാവാണ് ശഹ്ബാസ്. മൂന്നുതവണ പഞ്ചാബ് പ്രവിശ്യയിൽ മുഖ്യമന്ത്രിയായി. 1980കളുടെ മധ്യത്തിൽ ജ്യേഷ്ഠൻ നവാസിനൊപ്പമാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. 1988ൽ നവാസ് പഞ്ചാബ് മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹം ആദ്യമായി നിയമസഭ അംഗമായി. 1997ൽ നവാസ് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ശഹ്ബാസ് ആദ്യമായി പഞ്ചാബ് മുഖ്യമന്ത്രിയായത്. പലരും നടക്കില്ലെന്നുപറഞ്ഞ് എഴുതിത്തള്ളിയ വികസനപദ്ധതികൾപോലും കൊണ്ടുവരാൻ കഴിഞ്ഞു.
പര്‍വേസ് മുശർറഫിന്റെ നേതൃത്വത്തില്‍ സൈനിക അട്ടിമറി നടന്നതോടെ 2000ല്‍ തടവിലാക്കപ്പെട്ടു. സൗദിയിലേക്ക് നാടുകടത്തപ്പെട്ട അദ്ദേഹം 2007ലാണ് തിരിച്ചെത്തിയത്. 2008ൽ രണ്ടാം തവണയും പഞ്ചാബ് മുഖ്യമന്ത്രിയായി. 2013ലും അധികാരത്തിലെത്തി.
നിഴലിൽനിന്ന്
പാനമ പേപ്പേഴ്സ് കേസിൽ 2017ൽ പ്രധാനമന്ത്രി നവാസ് ശരീഫ് അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് പി.എം.എൽ-എൻ പാർട്ടി അധ്യക്ഷനായി. 2018ലെ തെരഞ്ഞെടുപ്പിനുശേഷം ദേശീയ അസംബ്ലിയിലെ പ്രതിപക്ഷ നേതാവായി. അതേസമയം, നവാസിനെ പോലെ ഒട്ടേറെ അഴിമതി ആരോപണങ്ങളും നേരിടുന്നുണ്ട്. 2019 ഡിസംബറിൽ നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ശഹ്ബാസിനെയും മകൻ ഹംസ ശരീഫിനെയും അറസ്റ്റ് ചെയ്യുകയും സ്വത്തുക്കൾ മരവിപ്പിക്കുകയും ചെയ്തു. ആരോപണങ്ങൾ നിഷേധിച്ച ശഹ്ബാസ് താൻ രാഷ്ട്രീയ ഇരയാണെന്നാണ് വിശേഷിപ്പിച്ചത്. മാസങ്ങളോളം ജയിലിൽ കിടന്നു. നിലവിൽ, യു.കെയിൽ 14 ശതകോടി കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം നേരിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.