മോസ്കോ: റഷ്യൻ അതിർത്തി പ്രദേശമായ ബെൽഗൊറോഡിൽ നടന്ന ഷെല്ലാക്രമണത്തിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടതായി ഗവർണർ വ്യാസെസ്ലാവ് ഗ്ലാഡ്കോവ് പറഞ്ഞു. മസ്ലോവ പ്രിസ്താൻ ഗ്രാമത്തിനുസമീപം കാറിൽ യാത്ര ചെയ്യവേയാണ് ഇരുവരും ആക്രമണത്തിനിരയായത്. മറ്റൊരു കാറിൽ യാത്ര ചെയ്ത രണ്ടുപേർക്കുകൂടി ഷെല്ലാക്രമണത്തിൽ പരിക്കേറ്റിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഷെല്ലാക്രമണത്തിലും രാത്രിയിലെ ഡ്രോൺ ആക്രമണത്തിലും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി സമീപ മേഖലകളായ ബ്രയാൻസ്ക്, കുർസ്ക് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തെക്കുറിച്ച് യുക്രെയ്ൻ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, അതിർത്തി കടന്നുള്ള മുൻ ആക്രമണങ്ങളിൽ പങ്കില്ലെന്ന് യുക്രെയ്ൻ അധികൃതർ വ്യക്തമാക്കിയിരുന്നു. റഷ്യൻ സർക്കാർ വിരുദ്ധ ഗ്രൂപ്പുകളാണ് ഈ ആക്രമണങ്ങൾക്ക് പിന്നിലെന്നാണ് യുക്രെയ്ൻ ഭാഷ്യം.
അതിനിടെ, അതിർത്തി ഗ്രാമമായ നോവയ തവോൾഷങ്കയിൽ തങ്ങൾ സൈനിക നടപടികളിൽ ഏർപ്പെട്ടിരുന്നതായി ക്രെംലിൻ വിരുദ്ധ അർധസൈനിക വിഭാഗങ്ങളിലൊന്നായ ഫ്രീഡം ഓഫ് റഷ്യൻ ലെജിയൻ (എഫ്.ആർ.എൽ) പറഞ്ഞു.
തങ്ങളുടെ വാഹനം കാറാണെന്ന് തെറ്റിദ്ധരിച്ചതിനെ തുടർന്ന് റഷ്യൻ സൈന്യം നടത്തിയ ആക്രമണത്തിലാണ് രണ്ട് സാധാരണക്കാർ കൊല്ലപ്പെട്ടതെന്നും എഫ്.ആർ.എൽ പറഞ്ഞു. അതേസമയം, ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
കഴിഞ്ഞ ദിവസം സ്മോലെൻസ്ക് മേഖലയിലെ രണ്ട് പട്ടണങ്ങളിൽ ദീർഘദൂര ഡ്രോണുകൾ പതിച്ചതായി അവിടത്തെ പ്രാദേശിക ഗവർണർ പറഞ്ഞു. സമീപ ആഴ്ചകളിൽ അതിർത്തി കടന്നുള്ള ആക്രമണങ്ങൾ വർധിച്ചുവരുകയാണ്. വ്യാഴാഴ്ച ബെൽഗൊറോഡിൽ ഷെല്ലാക്രമണത്തിൽ എട്ടുപേർക്ക് പരിക്കേറ്റിരുന്നു.
റഷ്യ വിക്ഷേപിച്ച 30 ഓളം മിസൈലുകളും ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടതായി വെള്ളിയാഴ്ച യുക്രെയ്ൻ അധികൃതർ പറഞ്ഞു. ഒരു മാസത്തിനിടെ 20ലധികം മിസൈൽ, ഡ്രോൺ ആക്രമണങ്ങളാണ് റഷ്യ യുക്രെയ്നിലേക്ക് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.