''ഞാൻ എന്റെ മക്കൾക്ക് ഭക്ഷണം കൊടുക്കണോ അതോ അവരെ കൊല്ലണോ'': വിലക്കയറ്റത്തെക്കുറിച്ച് പാക് യുവതിയുടെ പരാതി

''ഞാൻ എന്റെ മക്കൾക്ക് ഭക്ഷണം കൊടുക്കണോ അതോ അവരെ കൊല്ലണോ'': വിലക്കയറ്റത്തെക്കുറിച്ച് പാക് യുവതി പരാതി

കറാച്ചി: പണപ്പെരുപ്പത്തിൽ വീർപ്പുമുട്ടിയിരിക്കുകയാണ് പാകിസ്താൻ. അവിടെനിന്നും പുറത്തുവരുന്ന വാർത്തകൾ അത്ര ശുഭകരമല്ല. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിനിടയിൽ പാകിസ്താനിൽ, പ്രത്യേകിച്ച് കറാച്ചി നഗരത്തിൽ മരുന്ന്, പലചരക്ക്, വൈദ്യുതി എന്നിവയുടെ കുതിച്ചുയരുന്ന വിലയെ വിവരിച്ച് ഒരു വീട്ടമ്മ പുറത്തുവിട്ട വീഡിയോ ആണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെയും പി.എം.എൽ-എൻ നേതാവ് മറിയം നവാസിനെയും വിമർശിക്കുന്ന വീഡിയോ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. പാക് മാധ്യമപ്രവർത്തകൻ ഹമീദ് മീറാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

പണപ്പെരുപ്പം കുതിച്ചുയർന്നതിനെ തുടർന്ന് സർക്കാരിനെതിരെ ആഞ്ഞടിക്കുന്ന കറാച്ചിയിൽനിന്നുളള യുവതിയുടെ വീഡിയോ പാകിസ്താനിൽ വൈറലായിരിക്കുകയാണ്. ഇനി ഭക്ഷണം നൽകാതെ മക്കളുടെ ജീവിതം അവസാനിപ്പിക്കണോയെന്ന് യുവതി സർക്കാരിനോട് ചോദിക്കുന്നതായി 'ദ ന്യൂസ് ഇന്റർനാഷനൽ' റിപ്പോർട്ട് ചെയ്തു.

കറാച്ചി സ്വദേശിയായ റാബിയ എന്ന യുവതി വിലക്കയറ്റത്തിന് ശേഷം താൻ നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച് കരയുന്നതും പരാതിപ്പെടുന്നതും വീഡിയോയിൽ കാണാം. അവശ്യസാധനങ്ങളുടെ വില വർധിച്ചതിന് ശേഷം എങ്ങനെ ചെലവ് കൈകാര്യം ചെയ്യണമെന്ന് ഭരണാധികാരികൾ പറഞ്ഞുകൊടുക്കണമെന്നും അവർ പറയുന്നു.

"ഞാൻ എന്തുചെയ്യണം, വീട്ടുവാടക, കനത്ത വൈദ്യുതി ബില്ലുകൾ, കുട്ടികൾക്ക് പാലും മരുന്നും, എന്റെ കുട്ടികൾക്ക് ഭക്ഷണം നൽകണോ അതോ അവരെ കൊല്ലണോ?" -യുവതി ചോദിക്കുന്നു. രണ്ട് കുട്ടികളുള്ള റാബിയ തന്റെ ഒരു കുട്ടിക്ക് ഫിറ്റ്‌സ് ഉണ്ടെന്ന് പറഞ്ഞു. അതേസമയം ചികിത്സക്കുള്ള മരുന്നിന്റെ വില കഴിഞ്ഞ നാല് മാസമായി ഉയർന്നു.

"എന്റെ കുട്ടിക്ക് മരുന്നുകൾ വാങ്ങുന്നത് ഒഴിവാക്കാൻ കഴിയുമോ?" അവർ തുടർന്നു ചോദിച്ചു. "സർക്കാർ പാവപ്പെട്ടവരെ ഏതാണ്ട് കൊന്നുകഴിഞ്ഞു. സർവ്വശക്തനായ അല്ലാഹുവിന്റെ മുന്നിൽ ചോദ്യം ചെയ്യപ്പെടുമെന്ന് നിങ്ങൾ ശരിക്കും ഭയപ്പെടുന്നുണ്ടോ ഇല്ലയോ?".

അവരുടെ വീഡിയോയോട് പ്രതികരിച്ചുകൊണ്ട് ധനമന്ത്രി മിഫ്താ ഇസ്മായിൽ ചൊവ്വാഴ്ച രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ന്യായീകരിച്ചുകൊണ്ട് രംഗത്തുവന്നു. ജൂണിൽ സർക്കാർ വൈദ്യുതി നിരക്ക് വർധിപ്പിക്കുകയോ മരുന്നുകൾക്ക് പുതിയ നികുതി ചുമത്തുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, 2022 ഏപ്രിലിൽ അധികാരമേറ്റ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സഖ്യസർക്കാർ ഒന്നിലധികം രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികളെ നേരിടുകയാണ്. 

Tags:    
News Summary - "Should I Feed My Kids Or Should I Kill Them?": Pak Woman Complains About Price Rise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.