സിനെയ്ഡ് ഒകോണർ മകൻ ഷെയ്നിനൊപ്പം (ഫയൽ ഫോട്ടോ)

‘എന്റെ കുട്ടി, അവനെന്റെ ജീവനായിരുന്നു. എന്റെ ആത്മാവി​ന്റെ വിളക്കായിരുന്നു’- അകാലത്തിൽ വിടപറഞ്ഞ പ്രിയമകനെക്കുറിച്ച് സിനെയ്ഡിന്റെ അവസാന ട്വീറ്റ്..

ഡബ്ലിൻ: വിഖ്യാത ഐറിഷ് ഗായിക സിനെയ്ഡ് ഒകോണർ അവസാനമായി ട്വീറ്റ് ചെയ്തത് ഒന്നര വർഷം മുമ്പ് മരണപ്പെട്ടുപോയ പ്രിയമകന്റെ ഓർമകൾ നിറഞ്ഞ വികാരനിർഭരമായ വാക്കുകൾ. 17 വയസ്സു മാത്രമുണ്ടായിരുന്ന മകൻ ഷെയ്ൻ ഒ​കോണറിനെ 2022 ജനുവരി ഒമ്പതിന് തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. അതിനുശേഷം മാനസികമായി ഏറെ തളർന്ന രീതിയിലായിരുന്ന സിനെയ്ഡ് കഴിഞ്ഞ ദിവസമാണ് 56-ാം വയസ്സിൽ അന്തരിച്ചത്.

1990ൽ പുറത്തിറങ്ങിയ ‘നത്തിങ് കംപയേഴ്സ് ടു യു’ എന്ന ഒറ്റ ഗാനത്തിലൂടെയാണ് സിനെയ്ഡ് ആഗോള പ്രശസ്തി നേടിയത്. പലവിധ വെല്ലുവിളികളും വിവാദങ്ങളും നിറഞ്ഞ സംഭവബഹുലമായ ജീവിതത്തി​ൽ 2018ൽ ഇസ്‍ലാം മതവിശ്വാസിയായി മാറുകയായിരുന്നു. സിനെയ്ഡ് തന്റെ പേര് ശുഹദ സദാഖത്ത് എന്ന് മാറ്റിയെങ്കിലും പ്രൊഫഷനൽ രംഗത്ത് അവർ പഴയ പേരുതന്നെ തുടർന്നു.


‘മകൻ പോയശേഷം മരിക്കാത്ത രാത്രിജീവിയായി കാലം തള്ളിനീക്കുകയാണ് ഞാൻ. അവനെന്റെ ജീവിതത്തിന്റെ സ്നേഹമായിരുന്നു. എന്റെ ആത്മാവി​ന്റെ വിളക്കായിരുന്നു. രണ്ടു പാതിയിൽ ഒരാത്മാവായിരുന്നു ഞങ്ങൾ. എന്നെ ഉപാധികളില്ലാതെ സ്നേഹിച്ച ഏക വ്യക്തി അവനാണ്. അവൻ പോയതോടെ എനിക്കെല്ലാം നഷ്ടമായി’ -മകന്റെ ചിത്രത്തോടൊപ്പം ജീവിതത്തിലെ തന്റെ അവസാന ട്വീറ്റിൽ ഈയിടെ സിനെയ്ഡ് എഴുതിയതിങ്ങനെ.


മകന്റെ വിയോഗവും ട്വീറ്റിലൂടെയാണ് സിനെയ്ഡ് അറിയിച്ചത്. ‘എന്റെ സുന്ദരനായ മകൻ നവീം നെസ്റ്റ അലി ഷെയ്ൻ ഒകോണർ ഭൂമിയിലെ അവന്റെ ദുരിതങ്ങൾ അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു. അവൻ ദൈവത്തോടൊപ്പം ചേർന്നുകഴിഞ്ഞു. ഷെയ്നി​ന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ..ആരും അവന്റെ വഴി പിന്തുടരരുതെന്നും ഞാൻ അപേക്ഷിക്കുന്നു. എന്റെ കുട്ടീ, നിന്നെ ഞാൻ അത്രയേറെ സ്നേഹിച്ചിരുന്നു. നീയെന്നും എന്റെ വെളിച്ചമായിരിക്കും. എക്കാലത്തും നമ്മൾ ഒന്നിച്ചുതന്നെയിരിക്കും. ഒരതിർത്തിക്കും നമ്മെ വേർപിരിക്കാനാവില്ല. സമാധാനത്തോടെയിരിക്കുക...’ അവർ എഴുതി. സിനെയ്ഡിന്റെ നാലു മക്കളിൽ മൂന്നാമത്തെയാളാണ് ഷെയ്ൻ. ആത്മഹത്യാ പ്രവണത കാട്ടിയതിനെ തുടർന്ന് ചികിത്സയിലിരിക്കേ ആ​ശുപത്രിയിൽനിന്ന് കടന്നുകളഞ്ഞാണ് ഷെയ്ൻ ജീവിതമൊടുക്കിയത്.

‘ഇത് എന്റെ മകൻ ഷെയ്‌നിനുള്ള സന്ദേശമാണ്. മോനേ, ഇനി ഒന്നും കാണാതെ പോകുന്നത് തമാശയല്ല. നീ എന്നെ ഭയപ്പെടുത്തുകയാണ്. പ്രിയ ഷെയ്ൻ, നിന്റെ ജീവൻ വിലപ്പെട്ടതാണ്. ദൈവം നിന്റെ സുന്ദരമായ മുഖത്ത് ആ സുന്ദരമായ പുഞ്ചിരി നൽകിയത് വെറുതെയല്ല. നീയില്ലെങ്കിൽ എന്റെ ലോകം തകർന്നുവീഴും. നീയാണെന്റെ ഹൃദയം. ദയവുചെയ്ത് അത് മിടിക്കുന്നത് തടയരുത്. ദയവായി സ്വയം ഉപദ്രവിക്കാതിരിക്കുക. വേഗം ആശുപത്രിയിൽ തിരിച്ചെത്തൂ’- മകനെ കാണാതായ സമയത്ത് ഹൃദയമുരുകി സിനെയ്ഡ് എഴുതിയ കുറിപ്പുകൾക്കൊന്നും ഫലമുണ്ടായില്ല. മരിക്കുന്നതിന് ​തൊട്ടുമുമ്പത്തെ ആഴ്ച രണ്ടുതവണ ജീവനൊടുക്കാൻ ശ്രമിച്ച മകനെ ആശുപത്രി അധികൃതർ ഗൗരവമായി നിരീക്ഷിച്ചി​ല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പിനെതിരെ കടുത്ത വിമർശനങ്ങളും സിനെയ്ഡ് ഉന്നയിച്ചിരുന്നു.

മാനസികമായി തകർന്നുപോയ സിനെയ്ഡ് മകന്റെ ​ഓർമകളിലിലിഞ്ഞ് ജീവിക്കുകയായിരുന്നു പിന്നെ. അതിനിടയിലാണ് മരണം. ‘ഞങ്ങളുടെ പ്രിയപ്പെട്ട സിനെയ്ഡിന്റെ വിയോഗം ഏറെ ദുഃഖത്തോടെ അറിയിക്കുകയാണ്. കുടുംബവും കൂട്ടുകാരും ഏറെ തകർന്നിരിക്കുന്ന വേളയിൽ സ്വകാര്യത മാനിക്കണമെന്ന് അഭ്യർഥിക്കുന്നു’ -കുടുംബം പത്രക്കുറിപ്പിലൂടെയാണ് അനുഗൃഹീത ഗായികയുടെ നിര്യാണം ലോകത്തെ അറിയിച്ചത്. മരണകാരണം കുടുംബം വെളിപ്പെടുത്തിയിട്ടില്ല.

പാട്ടിനുപുറമെ സാമൂഹിക പ്രശ്നങ്ങളിലടക്കം വെട്ടിത്തുറന്ന് അഭിപ്രായങ്ങൾ പ്രകടിപ്പിച്ചതിലൂടെയും ശ്ര​​ദ്ധേയയായിരുന്നു സിനെയ്ഡ്. ജീവിതം മുഴുവൻ അവർ പാരമ്പര്യ വിശ്വാസങ്ങളോട് എതിരിട്ടുനിന്നു. ഗ്ലാമറസായി ഷോകളിൽ പ്രത്യക്ഷപ്പെടാൻ സംഘാടകർ സമ്മർദം ചെലുത്തിക്കൊണ്ടിരുന്ന നാളുകളിൽ തല മുണ്ഡനം ചെയ്തായിരുന്നു മറുപടി. പിന്നീട് മുടി വളർത്തിയതേയില്ല. ‘നത്തിങ് കംപയേഴ്സ് ടു യു’ എന്ന ഗാനം 1991ൽ നാല് ​ഗ്രാമി അവാർഡുകൾക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാൽ, യഥാർഥ കലയല്ല, അതിന്റെ വാണിജ്യവശം മാത്രമാണ് അക്കാദമിക്ക് താൽപര്യമെന്ന നിശിത വിമർശനമുയർത്തി അവാർഡുദാന ചടങ്ങ് ബഹിഷ്‍കരിച്ചതിലൂടെയും സിനെയ്ഡ് വാർത്തകളിൽ നിറഞ്ഞു.

Tags:    
News Summary - Sinéad O'Connor Shared Heartbreaking Post About Late Son Shane Days Before Death: 'The Lamp of My Soul'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.