സിംഗപ്പൂർ: മാനസിക വൈകല്യമുള്ളയാളുടെ വധശിക്ഷക്കെതിരായ ദയാഹരജി സിംഗപ്പൂർ സുപ്രീം കോടതി തള്ളി. സിംഗപ്പൂരിലേക്ക് ചെറിയ അളവിൽ ഹെറോയിൻ കടത്തിയതിന് 2009-ലാണ് നാഗേന്ദ്രൻ.കെ ധർമ്മലിംഗം അറസ്റ്റിലായത്. അടുത്ത വർഷം തന്നെ ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചു. മയക്കുമരുന്നിനെതിരെ ലോകത്തിലെ ഏറ്റവും കഠിനമായ നിയമങ്ങൾ നിലനിൽക്കുന്ന സ്ഥലമാണ് സിംഗപ്പൂർ.
മാനസിക വൈകല്യങ്ങളുള്ളയാൾക്ക് ശിക്ഷവിധിച്ചത് കാരണം വിധിക്കെതിരെ ലോകത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നും വിമർശനമുയർന്നു. യൂറോപ്യൻ യൂണിയനും വധശിക്ഷയെ അപലപിച്ചിരുന്നു. മാനസിക വൈകല്യമുള്ള ഒരാൾക്കെതിരെ വധശിക്ഷ വിധിക്കുന്നത് അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകർ കോടതിയിൽ വാദിച്ചു. എന്നാൽ ഈ വാദം വസ്തുതാപരവും നിയമപരവുമായി നിലനിൽക്കില്ലെന്ന് പറഞ്ഞ സിംഗപ്പൂർ ചീഫ് ജസ്റ്റിസ് സുന്ദരേഷ് മേനോൻ വാദത്തെ തള്ളികളഞ്ഞു. തൂക്കിലേറ്റുന്നത് വൈകിപ്പിക്കാൻ അഭിഭാഷകർ മനപ്പൂർവ്വം കോടതി നടപടികൾ ദുരുപയോഗം ചെയ്യുകയാണെന്ന് കോടതി ആരോപിച്ചു.
ഏകദേശം മൂന്ന് ടേബിൾസ്പൂണിന് തുല്യമായ 43 ഗ്രാം ഭാരമുള്ള ഹെറോയിൻ നാഗേന്ദ്രന്‍റെ കാലിൽ കെട്ടിവെച്ച രീതിയിൽ സിംഗപ്പൂരിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് 21-ാം വയസ്സിൽ അദ്ദേഹം പിടിക്കപ്പെടുന്നത്. മാനസിക വൈകല്യമുള്ളതിനാലാണ് കുറ്റകൃത്യം ചെയ്യാൻ നിർബന്ധിക്കപ്പെട്ടതെന്ന് അദ്ദേഹഹത്തിന്‍റെ അഭിഭാക്ഷകരും ബന്ധുക്കളും വാദിച്ചെങ്കിലും കോടതി ഇത് തള്ളി കളഞ്ഞു.
2019-ന് ശേഷം സിംഗപ്പൂരിൽ വധശിക്ഷകളൊന്നും നടന്നിട്ടില്ല. വരും മാസങ്ങളിൽ നിരവധി മയക്കുമരുന്ന് കടത്തുകാരെ തൂക്കിലേറ്റാൻ സിംഗപ്പൂർ ഒരുങ്ങുന്നതായാണ് വിവരം. ആംനസ്റ്റി ഇന്റർനാഷണലിന്റെ കണക്കനുസരിച്ച് മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് ഇപ്പോഴും വധശിക്ഷ നടപ്പാക്കുന്ന ലോകമെമ്പാടുമുള്ള 30-ലധികം രാജ്യങ്ങളിൽ സിംഗപ്പൂരും ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.