സിംഗപ്പൂർ: 20 വർഷത്തിനിടെ ആദ്യമായി സ്ത്രീക്ക് വധശിക്ഷ നടപ്പാക്കാനൊരുങ്ങി സിംഗപ്പൂർ. വധശിക്ഷക്കുള്ള സമയം നിശ്ചയിച്ചതായി മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടി. 45കാരിയായ സരിദേവി ജമാനിയെയാണ് വെള്ളിയാഴ്ച വധശിക്ഷക്ക് വിധേയയാക്കുക. 2018ൽ 30 ഗ്രാം ഹെറോയിനുമായി പിടികൂടിയതിന് ഇവർക്ക് വധശിക്ഷ വിധിച്ചിരുന്നു. മയക്കുമരുന്നിനെതിരെ കടുത്ത നിയമം നിലവിലുള്ള രാജ്യമാണ് സിംഗപ്പൂർ.
മറ്റൊരു മയക്കുമരുന്നു കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മുഹമ്മദ് അസീസ് ബിൻ ഹുസൈൻ എന്നയാളുടെ ശിക്ഷ ബുധനാഴ്ച നടപ്പാക്കിയിരുന്നു. 2022 മാർച്ചിന് ശേഷം വധശിക്ഷക്ക് വിധേയനായ 15ാമത് വ്യക്തിയാണ് ഇയാൾ. 50 ഗ്രാം ഹെറോയിൻ കടത്തിയ കേസിലാണ് ഇയാൾ പിടിയിലായത്.
മയക്കുമരുന്ന് ഇടപാടിന് കനത്ത ശിക്ഷയാണ് സിംഗപ്പൂരിൽ നിലനിൽക്കുന്നത്. 15 ഗ്രാമിൽ കൂടുതൽ ഹെറോയിനുമായോ 500 ഗ്രാമിൽ കൂടുതൽ കഞ്ചാവുമായോ പിടികൂടിയാൽ വധശിക്ഷയാണ് ലഭിക്കുക.
കഴിഞ്ഞ ഏപ്രിലിൽ തങ്കരാജു സുപ്പിയ എന്നയാളെ കഞ്ചാവ് കേസിൽ വധശിക്ഷക്ക് വിധേയനാക്കിയിരുന്നു. കഞ്ചാവ് ഇടപാട് മൊബൈൽ ഫോൺ വഴി നിയന്ത്രിക്കുകയാണ് ഇയാൾ ചെയ്തിരുന്നത്.
2004ൽ യെൻ മേ വോൻ എന്ന വനിതാ ഹെയർ ഡ്രെസ്സർക്ക് മയക്കുമരുന്ന് കേസിൽ വധശിക്ഷ നടപ്പാക്കിയിരുന്നു. ഇതിന് ശേഷം വധശിക്ഷക്ക് വിധേയയാകുന്ന ആദ്യ സ്ത്രീയാണ് സരിദേവി.
സിംഗപ്പൂരിലെ കടുത്ത നിയമത്തിനെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയർന്നിട്ടുണ്ട്. സരിദേവിയുടെ വധശിക്ഷ നടപ്പാക്കരുതെന്നും ചെറുകിട മയക്കുമരുന്ന് കടത്തുകാർ അവരുടെ സാഹചര്യങ്ങൾ കാരണമാണ് ഇതിലേക്ക് എത്തിപ്പെടുന്നതെന്നും ബ്രിട്ടീഷ് ശതകോടീശ്വരൻ റിച്ചാർഡ് ബ്രാൻസൺ പറഞ്ഞു. വധശിക്ഷയല്ല ഇത്തരക്കാർക്ക് ശരിയായ ജീവിതത്തിലേക്ക് വരാനുള്ള സഹായമാണ് സർക്കാർ നൽകേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ, മയക്കുമരുന്നിനെതിരായ കടുത്ത നിയമം സിംഗപ്പൂരിനെ ലോകത്തെ തന്നെ ഏറ്റവും സമാധാനമുള്ള സ്ഥലങ്ങളിലൊന്നാക്കി മാറ്റുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. മയക്കുമരുന്നു കേസിൽ പെടുന്നവരുടെ വധശിക്ഷക്ക് പൊതുസമൂഹത്തിന്‍റെ പിന്തുണയുണ്ടെന്നും അധികൃതർ അവകാശപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.