ഇസ്രായേലിന്‍റെ സുരക്ഷ വിന്യാസ പെരുമകൾ കേൾക്കാത്തവരാരും ലോകത്തുണ്ടാവില്ല. ഫലസ്തീൻ എന്ന രാജ്യം വെട്ടിപിടിച്ച് അവിടുത്തെ ജനങ്ങളെ ആട്ടിയോടിച്ചും പിടിച്ചുകൂട്ടിലിട്ടും ആയുധ ബലത്തിൽ അവർ കെട്ടിപ്പടുത്ത 'വംശീയ രാജ്യ'ത്ത് കഴിഞ്ഞ ദിവസം സംഭവിച്ച ഒരു ജയിൽ ചാട്ടം ലോകം ആത്ഭുതത്തോടെ ഉറ്റുനോക്കുകയാണ്. വടക്കൻ ഇസ്രായേലിലെ ഗിൽബോവ തടവറയിൽ നിന്ന് സുരക്ഷ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ആറു ഫലസ്തീനികൾ ജയിൽ ചാടിയതാണ് സംഭവം.
ഇസ്രായേലിലെ അതീവ സുരക്ഷയുള്ള തടവറയിലൊന്നാണിത്. ശുചിമുറിയിൽ നിന്ന് പുറത്തേക്ക് കിലോമീറ്റർ നീണ്ട തുരങ്കം നിർമിച്ചാണ് ഇവർ ചാടിയത്. തിങ്കളാഴ്ച പുലർച്ചെയാണ് ജയിൽ ചാട്ട കഥ പുറംലോകം അറിയുന്നത്. ഇസ്രായേലിന്‍റെ തടവറയിൽ നിന്ന് ഇത്തരം രക്ഷപ്പെടലുകൾ അപൂർവമാണ്.
തടവു ചാടിയവരെ അതിർത്തി കടക്കാൻ അനുവദിക്കാതെ പിടികൂടാനുള്ള ഒരുക്കത്തിലാണ് ഇസ്രായേൽ സൈന്യവും പൊലീസും മറ്റു സുരക്ഷ ഉദ്യോഗസ്ഥരും. പ്രത്യേകം നായകളെ ഗിൽബോവ പരിസരങ്ങളിൽ ഇവരെ പിടികൂടാനായി വിന്യസിച്ചിട്ടുണ്ട്. തടവു ചാടിയവരെ ഉടൻ പിടികൂടുമെന്ന് ഇസ്രായേൽ അധികൃതർ പ്രതികരിച്ചെങ്കിലും സംഭവം രാജ്യത്തിനു തന്നെ നാണക്കേടായി.
അധിനിവേശ വെസ്റ്റ് ബാങ്കിലും ചെക്ക്പോസ്റ്റിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തടവുചാടിയവർക്ക് ചെക്ക് പോസ്റ്റ് കടക്കാതെ ഫലസ്തീനിലെത്താനാവില്ല. ഫതഹ് പാർട്ടി മുൻ നേതാവ് അടക്കം ഇൻതിഫാദ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ ആറു പേരാണ് ജയിൽ ചാട്ടക്കാർ. സകരിയ സുബൈദി(46), യഅ്കൂബ് നാഫി(26), യഅ്കൂബ് കാസിം, മുഹമ്മദ് ഖദ്രി(49), അയാം നയീഫ്(35), മുഹമ്മദ് അബ്ദുൽ അർദ(46) എന്നിവരാണ് ജയിൽ ചാടിയതെന്ന് ഇസ്രായേൽ പറഞ്ഞു.
ഇവരുടെ ഫോട്ടോയും മറ്റു വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഇസ്രായേലിനെ ഞെട്ടിച്ച തടവറ ചാട്ടം ഫലസ്തീനികൾ ആഘോഷിക്കുന്ന വിഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പുറത്തുവന്നു. ഇസ്രായേൽ പ്രധാന മന്ത്രി നാഫ്താലി ബെന്നറ്റ് സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.