ഇസ്തംബൂൾ: തുർക്കിയയെയും സിറിയയെയും പിടിച്ചുലച്ച ഭൂകമ്പത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തുന്ന സംഭവങ്ങൾ തുടരുന്നു. 101 മണിക്കൂറിനു ശേഷം ആറു പേരെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തി.
കെട്ടിടത്തിന്റെ ചെറിയ ഭാഗത്തിന് അടിയിൽ കുടുങ്ങിയതാണ് ഇവർക്ക് രക്ഷയായത്. കാര്യമായ ഭക്ഷണവും വെള്ളവുമില്ലാതെ കൊടുംശൈത്യത്തിൽ അഞ്ച് ദിവസത്തോളം പിടിച്ചുനിന്നാണ് ഇവർ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
ഭൂകമ്പം ഏറ്റവും കൂടുതൽ നാശം വിതച്ച തെക്കൻ തുർക്കിയയിലെ ഇസ്കെൻഡറൂണിലാണ് രക്ഷപ്പെടുത്തൽ നടന്നത്. തകർന്ന കെട്ടിടത്തിന്റെ ഒരു മൂലയിലാണ് കുടുംബാംഗങ്ങളായ ആറു പേരും കഴിഞ്ഞിരുന്നതെന്ന് രക്ഷാപ്രവർത്തകൻ മുറാത്ത് ബേഗുൽ വാർത്ത ഏജൻസിയോട് പറഞ്ഞു.
അങ്കാറ: കൊടുംശൈത്യത്തിൽ തകർന്ന കെട്ടിടത്തിനടിയിൽ 104 മണിക്കൂർ പിടിച്ചുനിന്ന സൈനബ് കഹ്റമാൻ പുതുജീവിതത്തിലേക്ക്. ഭൂകമ്പത്തിൽ തകർന്ന തെക്കൻ തുർക്കിയയിലെ കിരിഖാൻ പട്ടണത്തിൽ കോൺക്രീറ്റ് ബ്ലോക്കുകൾക്കും മറ്റും ഇടയിൽനിന്ന് സൈനബിനെ ജർമൻ രക്ഷാപ്രവർത്തകരാണ് പുറത്തെടുത്തത്.
ഉടൻ സ്ട്രെച്ചറിൽ ആശുപത്രിയിലേക്കു മാറ്റി. ‘ഇപ്പോൾ ഞാൻ അത്ഭുതങ്ങളിൽ വിശ്വസിക്കുന്നു’ എന്നാണ് മേഖലയിലെ അന്താരാഷ്ട്ര രക്ഷാപ്രവർത്തകരുടെ തലവൻ സ്റ്റീവൻ ബായെർ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.