സോൾ: രാജ്യത്തെ പിടിച്ചുകുലുക്കിയ അഴിമതിക്കേസിൽ ജയിൽശിക്ഷയനുഭവിക്കുന്ന മുൻ പ്രസിഡന്റ് പാർക് ഗ്യൂൻ ഹെക്ക് ദക്ഷിണ കൊറിയ പൊതുമാപ്പ് നൽകും. ആരോഗ്യനില കണക്കിലെടുത്താണ് പാർക് അടക്കമുള്ള 3,094 പേർക്ക് ഡിസംബർ 31ന് പ്രസിഡന്റ് മൂൺ ജെ ഇൻ പൊതുമാപ്പ് നൽകുന്നത്.
അധികാരം ദുരുപയോഗം ചെയ്ത് ബാല്യകാല സുഹൃത്തിന് അഴിമതി നടത്താൻ സൗകര്യമൊരുക്കിയതിന് 2018ൽ 22 വർഷം തടവുശിക്ഷയാണ് 69കാരിയായ പാർക്കിന് വിധിച്ചത്. ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ അവരെ ഇംപീച്ച് ചെയ്തിരുന്നു. ഇംപീച്ച്മെന്റിന് വിധേയയായ, ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ നേതാവാണ് പാർക്. കടുത്ത ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പാർക്കിനെ ഈ വർഷം മൂന്നുതവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പാർക്കിന് പൊതുമാപ്പ് നൽകണമെന്ന ആവശ്യം നേരത്തേ മൂൺ തള്ളിയിരുന്നു.
കൈക്കൂലിക്കേസിൽ രണ്ടുവർഷം തടവുശിക്ഷ അനുഭവിക്കുന്ന രാജ്യത്തെ ആദ്യ വനിത പ്രധാനമന്ത്രിയായിരുന്ന മിയോങ് സൂക്കും പൊതുമാപ്പ് നൽകിയവരുടെ പട്ടികയിലുണ്ട്. ആദ്യം 30 വർഷത്തെ തടവിനാണ് പാർക്കിനെ ശിക്ഷിച്ചത്. എന്നാൽ, ഹൈകോടതി ശിക്ഷ 22 വർഷമായി കുറക്കുകയായിരുന്നു. അഴിമതിക്കേസിൽ പാർക്കിെൻറ പങ്ക് പുറത്തായതിനെ തുടർന്ന് രാജിയാവശ്യപ്പെട്ട് ദക്ഷിണ കൊറിയയിൽ വൻ പ്രക്ഷോഭങ്ങളാണ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.