കൊളംബോ: ശ്രീലങ്കയുടെ സമ്പദ്‌വ്യവസ്ഥ പൂർണമായും തകർന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ. രാജ്യത്തെ നിലവിലെ സാഹചര്യം ഇന്ധനം, വൈദ്യുതി, ഭക്ഷണം എന്നിവയുടെ ക്ഷാമത്തേക്കാൾ വളരെ രൂക്ഷമാണെന്ന് അദ്ദേഹം പറഞ്ഞു.
1948ൽ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക ഇന്ന് നേരിടുന്നത്. ഇത് രാജ്യത്തുടനീളം ഭക്ഷണം, മരുന്ന്, പാചക വാതകം, ഇന്ധനം തുടങ്ങിയ അവശ്യ വസ്തുക്കളുടെ രൂക്ഷമായ ക്ഷാമത്തിന് കാരണമായി.
വിദേശ കരുതൽ ശേഖരം അപകടകരമാംവിധം കുറവുള്ള, സമ്പദ്‌വ്യവസ്ഥ പൂർണമായി തകർന്ന ഒരു രാജ്യത്തെ പുനർനിർമാണം നടത്തുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയെ നിയന്ത്രിക്കാനുള്ള നടപടികൾ തുടക്കത്തിലെ സ്വീകരിച്ചിരുന്നെങ്കിൽ ഇന്ന് ഈ ദുഷ്കരമായ സാഹചര്യം നേരിടേണ്ടി വരില്ലായിരുന്നു. എന്നാൽ അതിനുള്ള അവസരം നമുക്ക് നഷ്ടമായി. പക്ഷെ ഈ പ്രശ്നങ്ങളിൽ നിന്ന് പുറത്ത് വന്നേ മതിയാകൂ. ഇല്ലെങ്കിൽ രാജ്യത്തെ മറ്റൊരു പ്രശ്നത്തിനും പരിഹാരം കാണാൻ ഞങ്ങൾക്ക് സാധിക്കില്ല- വിക്രമസിംഗെ പറഞ്ഞു.
സമ്പദ്‌വ്യവസ്ഥയുടെ തകർച്ച പരിഹരിക്കണമെങ്കിൽ നിലവിലെ വിദേശ കരുതൽ പ്രതിസന്ധി പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം സുരക്ഷിതമായ ഏക വഴി അന്താരാഷ്ട്ര നാണയ നിധിയുമായി ചർച്ച നടത്തുക മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ജനുവരി മുതൽ ഇന്ത്യ നൽകിയിട്ടുള്ള വായ്പകൾ ശ്രീലങ്കക്ക് വലിയ ആശ്വാസമാണ് നൽകിയത്. എന്നാൽ ശ്രീലങ്കയെ അധികകാലം പിടിച്ചുനിർത്താൻ ഇന്ത്യക്ക് കഴിയില്ലെന്ന് വിക്രമസിംഗെ പറഞ്ഞു. ഇന്ത്യയിൽ നിന്ന് ഞങ്ങൾ നാല് ബില്യൺ ഡോളർ വായ്പ എടുത്തിട്ടുണ്ടെന്നും പിന്നീട് വീണ്ടും അധിക വായ്പ സഹായത്തിന് വേണ്ടി ഇന്ത്യയോട് അഭ്യർഥിക്കേണ്ടി വന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ ഇന്ത്യക്ക് പോലും ഞങ്ങളെ തുടർച്ചയായി പിന്തുണക്കുന്നതിന് പരിമിതികളുണ്ട്. ഇതൊരു ജീവകാരുണ്യ പദ്ധതിയല്ല. അതിനാൽ വായ്പകൾ തിരിച്ചടക്കാൻ സാധിക്കുമെന്ന് തങ്ങൾക്ക് ഉറപ്പു വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.