കിയവ്: ഹോളിവുഡ് താരവും യു.എൻ ഗുഡ്‌വിൽ അംബാസഡറുമായ ബെൻ സ്റ്റില്ലർ ലോക അഭയാർഥി ദിനമായ ജൂൺ 20 ന് യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കിയുമായി കിയവിൽ കൂടിക്കാഴ്ച നടത്തി. ഹാസ്യനടനിൽ നിന്ന് റഷ്യൻ അധിനിവേശത്തെ അഭിമുഖീകരിച്ച് ലോകത്തിന്‍റെ പിന്തുണ യുക്രെയ്ന് നേടി കൊടുത്ത പ്രസിഡന്‍റാണ് തന്‍റെ ഹീറോയെന്ന് സ്റ്റില്ലർ പറഞ്ഞു.
സെലൻസ്കി രാജ്യത്തെയും ലോകത്തെയും യുദ്ധത്തിന് മുന്നിൽ അണിനിരത്തിയ രീതി പ്രചോദനകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇവരുടെ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ സെലൻസ്‌കിയുടെ ഓഫീസ് പുറത്തുവിട്ടിരുന്നു. കിയവിലെ ഇർപിനിലും തിങ്കളാഴ്ച സ്റ്റില്ലർ സന്ദർശനം നടത്തി.
നിങ്ങൾ ഇവിടെ ഉണ്ടായിരുന്നില്ലെങ്കിൽ യഥാർത്ഥത്തിൽ ഇവിടെ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ചിന്തിക്കാൻ പോലും സാധിക്കുന്നില്ലെന്ന് അദ്ദേഹം സെലൻസ്കിയോട് പറഞ്ഞു. ഞാൻ ഇന്ന് രാവിലെ ഇർപിനിലായിരുന്നു. യുദ്ധത്തിന്‍റെ മുഖം നിങ്ങൾ ടി.വിയിലൂടെയും സോഷ്യൽ മീഡിയയിലൂടെയും കാണുന്നു. എന്നാൽ നേരിട്ട് അനുഭവിച്ചറിഞ്ഞതിന് ശേഷം ആളുകളോട് പറയുമ്പോൾ അത് മറ്റൊന്നായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്റ്റില്ലറിനോട് നന്ദി അറിയിച്ച സെലൻസ്കി യുക്രെയ്നിൽ യഥാർത്തത്തിൽ സംഭവിക്കുന്നതെന്താണെന്ന് ആളുകളെ ഓർമപ്പെടുത്തേണ്ടത് വളരെ പ്രധാനമാണെന്ന് പറഞ്ഞു. എല്ലാ ദിവസവും യുദ്ധത്തെ കുറിച്ച് സംസാരിക്കുന്നത് ഒരു നല്ല കാര്യമല്ലെന്ന് അറിയാം. പക്ഷെ ആളുകളെ അത് ഓർമപ്പെടുത്തേണ്ടത് ഇപ്പോൾ ഞങ്ങൾക്ക് വളരെ അത്യാവശ്യമാണെന്ന് സെലൻസ്കി കൂട്ടിച്ചേർത്തു. 2019ൽ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് "സർവന്റ് ഓഫ് ദി പീപ്പിൾ" എന്ന കോമഡി ആക്ഷേപഹാസ്യത്തിലെ അഭിനയത്തിലൂടെയാണ് സെലെൻസ്‌കി കൂടുതൽ അറിയപ്പെട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.