റഷ്യ തടവിലാക്കിയ യുക്രെയ്ൻ പട്ടാളക്കാരന്റെ നിലവിലെ അവസ്ഥ കാണിക്കുന്ന ചിത്രം പുറത്ത്. മരിയുപോൾ ഉപരോധസമയത്ത് റഷ്യ തടവിലാക്കിയ സൈനികന്റെ ഞെട്ടിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. റഷ്യൻ ജയിലിൽ പട്ടളക്കാരൻ അനുഭവിച്ച കൊടിയ പീഡനമാണ് ഇതോടെ പുറത്തായത്.
ഈ വർഷം ആദ്യം മരിയുപോളിലെ അസോവ്സ്റ്റൽ സ്റ്റീൽ ഫാക്ടറി പ്രതിരോധിക്കാൻ പോരാടുന്നതിനിടെയാണ് സൈനികനായ മിഖൈലോ ഡയാനോവ് റഷ്യയുടെ പിടിയിലായത്. ബുധനാഴ്ച രാത്രി മോചിപ്പിച്ച 205 യുക്രെയിനിയൻ യുദ്ധത്തടവുകാരിൽ ഒരാളായിരുന്നു ഇദ്ദേഹം. മേയിൽ, മരിയുപോളിലെ വ്യാവസായിക സൈറ്റിന്റെ റഷ്യൻ ഉപരോധത്തിനിടെ ഡയാനോവിന്റെ ചിത്രം പുറത്തുവന്നിരുന്നു. അതിൽ ക്ഷീണിതനും ഷേവ് ചെയ്യാത്തനിലയിലുമായിരുന്നു എങ്കിലും താരതമ്യേന ഭേദപ്പെട്ട നിലയിലായിരുന്നു അദ്ദേഹം. എന്നാൽ ഏറ്റവും പുതിയ ഫോട്ടോയിൽ, ഡയനോവിന്റെ കൈയിലും മുഖത്തും മുറിവേറ്റ പാടുകൾ നിറഞ്ഞ്, മെലിഞ്ഞൊട്ടിയ നിലയിലാണ്.
യുക്രെയിനിന്റെ അസോസ് മിലിട്ടറി യൂനിറ്റിന്റെ ഭാഗമായിരുന്ന ഡയാനോവ്. മരിയുപോൾ യുദ്ധത്തിന് ശേഷം റഷ്യൻ ജയിലിൽ നാല് മാസം ഇദ്ദേഹം കിടന്നു. ഈ ആഴ്‌ച റഷ്യയിലെ പ്രധാന തടവുകാരുമായുള്ള കൈമാറ്റത്തിന്റെ ഭാഗമായാണ് ഇദ്ദേഹം മോചിപ്പിക്കപ്പെട്ടത്. സുഹൃത്തുക്കളോടും ബന്ധുക്കളോടും ഒപ്പം ചെർണിഹിവിലെ ആശുപത്രിയിലാണ് ഇദ്ദേഹെത്ത ആദ്യം പ്രവേശിപ്പിച്ചത്. തുടർന്ന് കൈവ് മിലിട്ടറി ആശുപത്രിയിലേക്ക് മാറ്റി. അവിടെ അദ്ദേഹം ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നും ദീർഘകാല ചികിത്സ ആവശ്യമാണെന്നും സഹോദരി പറഞ്ഞു.
നിലവിൽ ഡയനോവിന് ഓപ്പറേഷൻ ചെയ്യാൻ കഴിയില്ലെന്നും ആദ്യം ശരീരഭാരം കൂട്ടേണ്ടതുണ്ടെന്നും മിലിറ്ററി ഹോസ്പിറ്റലിലെ ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു. 'അദ്ദേഹത്തിന് ശസ്ത്രക്രിയ ചെയ്യാൻ കഴിയില്ല. അത് അദ്ദേഹത്തിന്റെ ആരോഗ്യത്തിന് അപകടകരമായേക്കാം. അതിനാൽ അവൻ ഇപ്പോൾ സുഖം പ്രാപിക്കുകയും ശക്തി നേടുകയും വേണം'-ഡോക്ടർ പറഞ്ഞു. സ്വതന്ത്രമായി നടക്കാനും ശുദ്ധ വായു ശ്വസിക്കാനും കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് ഡയാനോവും പറഞ്ഞു.
റഷ്യയോട് കൂട്ടിച്ചേർക്കാനുള്ള ഹിതപരിശോധന യുക്രെയ്നിലെ നാല് പ്രദേശങ്ങളിൽ വെള്ളിയാഴ്ച ആരംഭിച്ചിട്ടുണ്ട്. അധിനിവേശ പ്രദേശങ്ങളിൽനിന്നുള്ള അഭയാർഥികൾക്കായി റഷ്യയിലും ഹിതപരിശോധന വോട്ടെടുപ്പ് ആരംഭിച്ചു. യുക്രെയ്നും പാശ്ചാത്യരാജ്യങ്ങളും കടുത്ത എതിർപ്പുയർത്തവെ ലുഹാൻസ്‌ക്, ഡൊനെറ്റ്‌സ്‌ക്, കേഴ്സൺ, ഭാഗികമായി റഷ്യൻ നിയന്ത്രണത്തിലുള്ള സപോരിജിയ മേഖലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് റഷ്യക്ക് അനുകൂലമാകുമെന്നാണ് റിപ്പോർട്ടുകൾ. യുക്രെയ്നും പാശ്ചാത്യ സഖ്യകക്ഷികളും ഹിതപരിശോധനയെ അവഗണിക്കുന്നതിനാൽ പ്രദേശങ്ങൾ വേഗത്തിൽ റഷ്യയിൽ ചേരുമെന്നാണ് ക്രെംലിന്റെ പ്രതീക്ഷ.
മൂന്നുലക്ഷം പേർ വരുന്ന റിസർവ് സേനയെ യുക്രെയ്നിൽ അണിനിരത്താനുള്ള റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഉത്തരവിന് പിന്നാലെ സൈനിക കേന്ദ്രങ്ങളിൽനിന്ന് പുറപ്പെടുന്ന പുരുഷന്മാരോട് വിടപറയുന്ന കുടുംബങ്ങളുടെ കണ്ണീരണിഞ്ഞ രംഗങ്ങൾ റഷ്യൻ സോഷ്യൽ മീഡിയ സൈറ്റുകളിൽ നിറയുകയാണ്.
ഡൊനെറ്റ്സ്ക് മേഖലയിലെ വിഘടനവാദി നേതാവ് ഡെനിസ് പുഷിലിൻ ഹിതപരിശോധനയെ 'ചരിത്രപരമായ നാഴികക്കല്ല്' എന്ന് വിശേഷിപ്പിച്ചു. വെള്ളിയാഴ്ച ഓൺലൈനിൽ അധിനിവേശ പ്രദേശങ്ങളെ അഭിസംബോധന ചെയ്ത റഷ്യൻ പാർലമെന്റിന്റെ അധോസഭയായ സ്റ്റേറ്റ് ഡുമയുടെ സ്പീക്കർ വ്യാഷെസ്ലാവ് വോളോദിൻ 'നിങ്ങൾ റഷ്യൻ ഫെഡറേഷന്റെ ഭാഗമാകാൻ തീരുമാനിക്കുകയാണെങ്കിൽ ഞങ്ങൾ നിങ്ങളെ പിന്തുണക്കുമെന്ന് വ്യക്തമാക്കി.
അതേസമയം, ഖാർകിവ് മേഖലയിലെ കിഴക്കൻ പട്ടണമായ ഇസിയത്തിലെ കൂട്ടക്കുഴിമാടങ്ങളിൽനിന്ന് യുക്രെയ്ൻകാരുടെ 436 മൃതദേഹങ്ങൾ പുറത്തെടുത്തതായി യുക്രെയ്ൻ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിൽ 30 എണ്ണത്തിൽ ക്രൂരമായ പീഡനത്തിന്റെ ലക്ഷണങ്ങളുണ്ടെന്നും വാർത്താ ഏജൻസി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഈ മാസം യുക്രെയ്ൻ സൈന്യം തിരിച്ചുപിടിച്ച പ്രദേശത്ത് മൂന്ന് കുഴിമാടങ്ങൾകൂടി കണ്ടെത്തിയതായും ഖാർകിവ് മേഖല ഗവർണർ ഒലെ സിനിഹുബോവ്, പൊലീസ് മേധാവി വോളോദിമിർ തിമോഷ്‌കോ എന്നിവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.