ഗസ്സക്ക് മേലുള്ള ഇസ്രായേൽ ആക്രമണത്തെയും സമ്പൂർണ ഉപരോധത്തെയും അപലപിച്ച് എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്)

സ്സക്ക് മേൽ ഇസ്രായേൽ പ്രഖ്യാപിച്ച സമ്പൂർണ ഉപരോധത്തെയും രക്തരൂക്ഷിത ആക്രമണത്തെയും അപലപിച്ച് എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്). പാലസ്തീൻ ജനതയ്ക്കുമേലുള്ള നിരന്തരമായ സായുധാക്രമണങ്ങളും മിന്നൽയുദ്ധങ്ങളും നിരപരാധികളായ പൗരന്മാരെ കരുണയില്ലാതെ കൊന്നൊടുക്കുന്നതും 2007 മുതൽ ഒരു ഇടതടവുമില്ലാതെ തുടരുകയാണ്. പീഢിതരായ പാലസ്തീൻ ജനതയുടെ നീതിയുക്തമായ സ്വാതന്ത്ര്യസമരത്തെ കേവലം ശക്തികൊണ്ടുമാത്രം ഇസ്രായേൽ അടിച്ചമർത്തിക്കൊണ്ടിരിക്കുകയാണെന്നും എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി പ്രൊവാഷ് ഘോഷ് പ്രസ്താവനയിൽ പറഞ്ഞു.

ഇതിനോടകം തന്നെ ഉപരോധിക്കപ്പെട്ട അവസ്ഥയിലുള്ള ഗാസാമുനമ്പിലേക്ക് ഭക്ഷണം, വെളളം, ഇന്ധനം, വൈദ്യുതി ഇവയെല്ലാം നിഷേധിച്ചു കൊണ്ട് അവിടെത്താമസിക്കുന്ന 23 ലക്ഷം നിരാലംബരായ, സ്വാതന്ത്ര്യദാഹികളായ പാലസ്തീൻ ജനതയെ മരണത്തിനു വിട്ടുകൊടുക്കാൻ പദ്ധതിയിട്ടു കൊണ്ടുള്ള, അമേരിക്കൻ സാമ്രാജ്യത്വത്തിന്‍റെ പശ്ചിമേഷ്യയിലെ കാര്യകർത്താവായ സയണിസ്റ്റ് ഇസ്രായേൽ ഗവണ്മെന്‍റിന്‍റെ സമ്പൂർണ്ണ ഉപരോധ പ്രഖ്യാപനത്തെ അതിശക്തമായി അപലപിക്കുന്നു. പാലസ്തീനികളെ 'മൃഗീയജനത' എന്നാണ് ഇസ്രായേലിന്‍റെ സയണിസ്റ്റ് പ്രതിരോധമന്ത്രി വിശേഷിപ്പിച്ചത്.

വെടിയുണ്ടകൊണ്ടും വിഷവാതകംകൊണ്ടും 4.6 ലക്ഷം ജൂതത്തടവുകാരെ രക്തദാഹികളായ നാസികൾ കൊലചെയ്ത കുപ്രസിദ്ധമായ വാഴ്‌സാ ക്യാമ്പുകളെപ്പോലെ തങ്ങൾ ഗാസാക്യാമ്പുകൾ തുടങ്ങുകയാണെന്നും എന്താണതു നൽകുകയെയെന്ന് അവിടത്തുകാർ അറിയാൻ പോകുകയാണെന്നും അയാൾ പറയുന്നു. പാലസ്തീൻ പ്രദേശം 'ഉപേക്ഷിക്കപ്പെട്ട ഒരു ദ്വീപ്' ആക്കി മാറ്റുമെന്ന് തൊട്ടുമുമ്പ് ഇസ്രായേൽ പ്രധാനമന്ത്രി താക്കീതു നൽകുകയും ചെയ്തിരുന്നു. കിരാതമായ ഉപരാേധത്തോടൊപ്പം ഗാസക്കുമേൽ നിരന്തരമായ ആകാശാക്രമണം അഴിച്ചുവിട്ടുകൊണ്ട്, നൂറുകണക്കിനു നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കി ആ പ്രദേശത്തെ കൽക്കൂമ്പാരമാക്കി മാറ്റുകയാണ് ഇസ്രായേൽ. ഹിറ്റ്ലർക്കു പോലും അസൂയ തോന്നുംവിധമാണ് ഈ കിരാതത്വം.

കിഴക്കൻ ജറുസലേമിലെ ഇസ്രായേൽ അധിനിവേശത്തിന് നിരവധി അന്തർദ്ദേശീയ ഉടമ്പടികൾ പ്രകാരം സാർവ്വദേശീയമായ അംഗീകാരം ലഭിച്ചിട്ടില്ല. എങ്കിൽപ്പോലും 2017-ൽ അന്നത്തെ യു.എസ് പ്രസിഡന്‍റ് ട്രംപ്, ഇസ്രായേലിലെ തങ്ങളുടെ എംബസി തെൽ അവീവിൽ നിന്നു ജറുസലേമിലേക്കു മാറ്റുകയാണെന്ന് ഏകപക്ഷീയമായി പ്രഖ്യാപിച്ചു. ജറുസലേം ഇസ്രയേലിന്‍റെ അവിഭാജ്യ ഭാഗമാണെന്ന ധാരണ പകരാനായിരുന്നു അത്.

മുഴുവൻ ശക്തിയും സമാഹരിച്ചുകൊണ്ട്, യുദ്ധവെറിയന്മാരായ സയണിസ്റ്റ് ഇസ്രായേൽ ഗവർണ്മെന്‍റിനും അവരുടെ സാമ്രാജ്യത്വ കൂട്ടാളികൾക്കുമെതിരെ ഒറ്റക്കെട്ടായി നിലകൊള്ളാനും സ്വാതന്ത്ര്യപ്പോരാളികളായ ഫലസ്തീൻ ജനതയോടൊപ്പം ഉറച്ചുനിലകൊള്ളാനും, ആകാശാക്രമണം അവസാനിപ്പിക്കുകയും ഉപരോധം പിൻവലിക്കുകയും ചെയ്തുകൊണ്ട് ഫലസ്തീനിൽ നിന്നു പിടിവിടാൻ ഇസ്രായേലിനോടാവശ്യപ്പെടാനും സാമ്രാജ്യത്വവിരുദ്ധരും സമാധാന പ്രേമികളുമായ ലോകജനതയോട് അഭ്യർഥിക്കുന്നു -എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - SUCI (Communist) Condemns Israeli Attack and Total Blockade on Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.