സുഡാനിൽ മൂന്നു മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചു

ഖാർത്തൂം: സൈന്യവും അര്‍ധസൈനികരും ഏറ്റുമുട്ടുന്ന സുഡാനിൽ താൽക്കാലിക ആശ്വാസമായി ഇരുവിഭാഗവും മൂന്നുമണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭയുടെ നിർദേശത്തെ തുടർന്നാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്.

ഞായറാഴ്ച മുതൽ എല്ലാ ദിവസവും പ്രാദേശിക സമയം വൈകിട്ട് നാലു മുതൽ മൂന്ന് മണിക്കൂർ നേരത്തേക്കാണ് വെടിനിർത്തൽ നടപ്പാക്കുക. അടിയന്തര മാനുഷിക ആവശ്യങ്ങൾക്ക് സുരക്ഷിത പാത ഒരുക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് സുഡാൻ സൈന്യം അറിയിച്ചു. അർധ സൈനിക വിഭാഗവും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് ജീവനക്കാർ കൊല്ലപ്പെട്ടതിനെ തുടർന്ന് സുഡാനിലെ എല്ലാ പ്രവർത്തനങ്ങളും യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യു.എഫ്‌.പി) താൽക്കാലികമായി നിർത്തിവച്ചിരുന്നു.

ശനിയാഴ്ച മുതൽ അർധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (ആർ.എസ്.എഫ്) സായുധ സേനയും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. സെൻട്രൽ കമ്മിറ്റി ഓഫ് സുഡാൻ ഡോക്ടേഴ്സ് പുറത്തുവിട്ട കണക്കനുസരിച്ച് വെടിവെപ്പിലും ബോംബാക്രമണത്തിലും 56 പേർ കൊല്ലപ്പെടുകയും 595 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

മരിച്ചവരിലും പരിക്കേറ്റവരിലും കൂടുതലും സാധാരണക്കാരാണ്. തലസ്ഥാന നഗരമായ ഖാർത്തൂം, മർവ, അൽ-അബൈദ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം ആർ.എസ്.എഫ് ഏറ്റെടുത്തതായാണ് റിപ്പോർട്ടുകൾ. പ്രസിഡന്റിന്‍റെ കൊട്ടാരം തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ആര്‍.എസ്.എഫ് അവകാശപ്പെട്ടിരുന്നു. അതേസമയം, സൈന്യം ഇത് തള്ളിയിട്ടുണ്ട്. തലസ്ഥാനത്തും പരിസരത്തുമുള്ള ആർ.എസ്.എഫ് കേന്ദ്രങ്ങളിൽ വിമാനവും ഡ്രോണും ഉപയോഗിച്ച് സൈന്യം വ്യാപക ആക്രമണം നടത്തി. അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (ആർ.എസ്.എഫ്) സായുധ സേനയും തമ്മിലുള്ള സംഘർഷം മാസങ്ങളായി തുടരുന്നതാണ്.

മൂന്ന് പതിറ്റാണ്ട് രാജ്യം ഭരിച്ച പ്രസിഡന്റ് ഉമർ അൽ ബഷീർ 2019ൽ സൈനിക അട്ടിമറിയിലൂടെ പുറത്തായതോടെയാണ് സുഡാനിലെ സമീപകാല സംഘർഷം ആരംഭിക്കുന്നത്. അന്നുമുതൽ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തെരുവുകളിൽ പ്രതിഷേധം ഉയരുന്നു. മിലിട്ടറി -സിവിലിയൻ ഭരണം സ്ഥാപിക്കപ്പെട്ടെങ്കിലും 2021 ഒക്ടോബറിൽ വീണ്ടും അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ടു.

സൈന്യത്തലവൻ ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാനും ആർ.എസ്.എഫ് മേധാവി ജനറൽ മുഹമ്മദ് ഹംദാൻ ദഗാലോയും അന്നുമുതൽ വാക്പോരിലാണ്. ആർ.എസ്.എഫിനെ സൈന്യവുമായി സംയോജിപ്പിക്കാനുള്ള നീക്കമാണ് ഏറ്റുമുട്ടലുകളിലേക്ക് നയിച്ചത്. 

അതേസമയം, സുഡാനിലെ പ്രതികൂല സാഹചര്യത്തിൽ ഇന്ത്യൻ പൗരൻമാർക്ക് സുരക്ഷ മുന്നറിയിപ്പ് നൽകി കേന്ദ്ര നയതന്ത്ര മന്ത്രാലയം. പരമാവധി മുൻകരുതലുകളെടുക്കാനും വീടിനുള്ളിൽ തന്നെ തുടരാനുമാണ് എംബസി നിർദേശം. പുതിയ നിർദേശങ്ങൾ വരുന്നത് വരെ ക്ഷമയോടെ കാത്തിരിക്കണമെന്നും മന്ത്രാലയം ഞായറാഴ്ച ട്വീറ്റ് ചെയ്തു. ഔദ്യോഗിക കണക്കുകൾ പ്രകാരം 4000 ഇന്ത്യക്കാരാണ് സുഡാനിലുള്ളത്. ഇതിൽ 1,200 പേർ സ്ഥിരതാമസമാക്കാരാണ്.

Tags:    
News Summary - sudan three hours ceasefire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.