കാബൂൾ: കിഴക്കൻ അഫ്ഗാനിസ്താനിലെ ഗെസ്റ്റ് ഹൗസിലുണ്ടായ ചാവേർ ട്രക്ക് ബോംബാക്രമണത്തിൽ 21 പേർ മരിച്ചു. 90 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലോഗർ പ്രവിശ്യയുടെ തലസ്ഥാനമായ പുൾ-ഇ-ആലാമിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
ആക്രമണത്തിെൻറ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഗെസ്റ്റ് ഹൗസ് എന്തിനാണ് ലക്ഷ്യമിട്ടതെന്നത് സംബന്ധിച്ച സൂചനയും ലഭിച്ചിട്ടില്ല. അഫ്ഗാനിസ്ഥാനിലെ അതിഥി മന്ദിരങ്ങൾ പലപ്പോഴും യാത്രക്കാർക്കും വിദ്യാർഥികൾക്കും സർക്കാർ സൗജന്യമായി താമസിക്കാൻ നൽകുകയാണ് പതിവ്.
അതേസമയം, ആക്രമണത്തിന് പിന്നിൽ താലിബാനാണെന്ന് ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തി. എന്നാൽ, ഇതുസംബന്ധിച്ച് താലിബാനിൽനിന്ന് പ്രതികരണം ഉണ്ടായിട്ടില്ല.
അഫ്ഗാനിസ്ഥാനിൽനിന്ന് യു.എസും നാറ്റോയും സൈനികരെ പിൻവലിക്കുന്നതിനിടെയാണ് ആക്രമണം. മെയ് ഒന്നിനകം എല്ലാ യു.എസ് സൈനികരും അഫ്ഗാനിസ്താനിൽനിന്ന് പിന്മാറണമെന്ന് താലിബാൻ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ബോംബ് സ്‌ഫോടനത്തിന് സൈനികരുടെ പിൻമാറ്റവുമായി ബന്ധപ്പെട്ട സൂചനകളൊന്നുമില്ല. കൂടാതെ ഇൗ ഭാഗത്ത് യു.എസ് - നാറ്റോ സൈനിക സംഘങ്ങളുമില്ല.
വീട്ടിലേക്ക് പോകാൻ വാഹനം കാത്തുനിൽക്കുകയായിരുന്ന പൊലീസുകാർ ആക്രമണ സമയത്ത് ഗെസ്റ്റ് ഹൗസിൽ ഉണ്ടായിരുന്നുവെന്ന് ലോഗാർ പ്രൊവിൻഷ്യൽ കൗൺസിൽ മേധാവി ഹസിബ് സ്റ്റാനിക്സായി പറഞ്ഞു. കൂടാതെ യൂനിവേഴ്സിറ്റി പ്രവേശന പരീക്ഷക്ക് എത്തിയ വിദ്യാർത്ഥികളും മറ്റു മുറികളിൽ ഉണ്ടായിരുന്നു.
ആക്രമണം സംബന്ധിച്ച് അന്വേഷിക്കുന്നുണ്ടെന്നും ബോംബാക്രമണത്തിൽ ഗെസ്റ്റ് ഹൗസിെൻറ മേൽക്കൂര ഇടിഞ്ഞ് വീണുവെന്നും ആഭ്യന്തര മന്ത്രാലയം വക്താവ് താരിഖ് അരിയൻ പറഞ്ഞു. അവശിഷ്ടങ്ങൾക്കടിയിൽ കൂടുതൽ മൃതദേഹങ്ങൾ കുടുങ്ങിയിട്ടുണ്ടാകുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
20 വർഷത്തിനുശേഷമാണ് അഫ്ഗാനിസ്താനിലെ എക്കാലത്തെയും യുദ്ധം അവസാനിപ്പിച്ച് അമേരിക്കൻ സൈനികർ മടങ്ങുന്നത്. സെപ്റ്റംബർ 11നകം ശേഷിക്കുന്ന 2500 യു.എസ് സൈനികരും സ്വദേശത്തേക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.