ബെയ്ജിങ്: ചൈനയിലും വിയറ്റ്നാമിലും വൻ നാശം വിതച്ച് ‘യാഗി’ കൊടുങ്കാറ്റ്. ചൈനയിലെ ഹൈനാനിൽ ശക്തമായ കാറ്റിനൊപ്പം പേമാരിയും ആഞ്ഞടിച്ച് ഏഴു പേർ മരിച്ചു. 95 പേർക്ക് പരിക്കേറ്റു.
തീരദേശങ്ങളിൽ നിന്ന് അമ്പതിനായിരം പേരെ മാറ്റിപ്പാർപ്പിച്ചു. മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലംപതിച്ചു. 15 ലക്ഷം പേരെ കൊടുങ്കാറ്റ് പ്രതികൂലമായി ബാധിച്ചതായാണ് റിപ്പോർട്ട്. വിയറ്റ്നാമിൽ ഹായ് ഫോങ് പട്ടണത്തിലാണ് ‘യാഗി’ കൂടുതൽ അപകടകാരിയായത്. ഇവിടെ 203 കിലോമീറ്റർ വേഗത്തിൽ ആഞ്ഞടിച്ച കൊടുങ്കാറ്റ് ഏഴു പേരുടെ മരണത്തിനിടയാക്കി.
അറ്റ്‌ലാന്‍റിക് ചുഴലിക്കാറ്റായ ബെറിലിനു ശേഷം ഈ വർഷം ലോകത്തിലെ ഏറ്റവും ശക്തമായ രണ്ടാമത്തെ ഉഷ്ണമേഖലാ ചുഴലിക്കാറ്റാണ് യാഗി. പ്രഭവ കേന്ദ്രത്തിന് സമീപം മണിക്കൂറിൽ 234 കിലോമീറ്റർ വേഗതയിലാണ് വീശിയത്.
ഈയാഴ്ച ആദ്യം വടക്കൻ ഫിലിപ്പീൻസിൽ 16 പേരുടെ മരണത്തിനിടയാക്കിയ ശേഷം കൊടുങ്കാറ്റ് ഇരട്ടി ശക്തിയാർജിച്ച് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഹൈനാനിലെ വെൻചാങ് നഗരത്തിലേക്ക് നീങ്ങുകയായിരുന്നു. ഈ വർഷത്തെ 11-മത്തെ കൊടുങ്കാറ്റ് ആണ് ‘യാഗി’.
രാജ്യത്തിന്‍റെ തെക്കൻ മേഖലയിൽ കൊടുങ്കാറ്റ് വീശിയടിച്ചതിന് പിന്നാലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.