ബേൺ: ഫലസ്തീൻ ജനതക്ക് മരുന്നും ഭക്ഷണവും വിദ്യാഭ്യാസവുമടക്കമുള്ള സൗകര്യങ്ങൾ ലഭ്യമാക്കുന്ന യു.എൻ.ആർ.ഡബ്ല്യു.എക്ക് ധനസഹായം നൽകുന്നത് പുനസ്ഥാപിക്കുമെന്ന് സ്വിറ്റ്‌സർലൻഡ്. ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ യു.എൻ.ആർ.ഡബ്ല്യു.എ ജീവനക്കാർക്ക് പങ്കുണ്ടെന്ന ഇസ്രായേലിന്റെ വ്യാജ ആരോപണത്തെ തുടർന്ന് സ്വിറ്റ്‌സർലൻഡ് ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ധനസഹായം നിർത്തിവെച്ചിരുന്നു. എന്നാൽ, ഈ ആരോപണം കള്ളമാണെന്ന് മുൻ ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിൻ കൊളോണയുടെ നേതൃത്വത്തിൽ നടത്തിയ സ്വതന്ത്ര അന്വേഷണത്തിൽ തെളിഞ്ഞതോടെയാണ് സഹായവിതരണം പുനരാരംഭിക്കാൻ സ്വിസ് ഭരണകൂടം തീരുമാനിച്ചത്. ആസ്‌ട്രേലിയ, കാനഡ, സ്വീഡൻ, ജപ്പാൻ, ജർമനി തുടങ്ങിയ രാജ്യങ്ങൾ സഹായവിതരണം പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഈ യു.എൻ ഏജൻസിക്ക് 11 ദശലക്ഷം ഡോളർ ഉടൻ നൽകുമെന്ന് സ്വിറ്റ്സർലൻഡ് സർക്കാർ അറിയിച്ചു. ഇതിൽ 10 ദശലക്ഷം സ്വിസ് ഫ്രാങ്ക് ഗസ്സക്ക് മാത്രമായി നൽകും. യുദ്ധക്കെടുതി അനുഭവിക്കുന്ന ഗസ്സക്കാർക്ക് ഭക്ഷണം, വെള്ളം, പാർപ്പിടം, ആരോഗ്യ സംരക്ഷണം തുടങ്ങിയ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനാണ് ഇത് ചെലവഴിക്കുക.
ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ തൂഫാനുൽ അഖ്സ ഓപറേഷനിൽ 12 യുഎൻആർഡബ്ല്യുഎ ജീവനക്കാർക്ക് പങ്കുണ്ടെന്ന് ജനുവരിയിലാണ് ഇസ്രായേൽ ആരോപണം ഉന്നയിച്ചത്. നിരവധി ജീവനക്കാർക്ക് ഹമാസുമായി ബന്ധമുണ്ടെന്നും ഇസ്രായേൽ ആരോപിച്ചിരുന്നു. ഇത് മുൻനിർത്തി യു.എൻ.ആർ.ഡബ്ല്യു.എക്കുള്ള ധനസഹായം നിർത്തിവെക്കാൻ ലോകരാജ്യങ്ങൾക്ക് മേൽ ഇസ്രായേൽ സമ്മറദം ചെലുത്തിയിരുന്നു. യുഎസും സ്വിറ്റ്‌സർലൻഡും ജർമനിയും ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ ഇതിനുവഴങ്ങി സഹായം മരവിപ്പിച്ചു.
എന്നാൽ, കാതറിൻ കൊളോണ നടത്തിയ വസ്തുതാന്വേണത്തിൽ ഈ ആരോപണങ്ങൾ മുഴുവൻ പച്ചക്കള്ളമാണെന്ന് വ്യക്തമായി. ഹമാസ് ബന്ധം സംബന്ധിച്ച് തെളിവ് നൽകാൻ ഇസ്രായേലിനോട് കൊളോണ ആവശ്യപ്പെട്ടെങ്കിലും ഒന്നും ഹാജരാക്കിയില്ല. ഇവർ കഴിഞ്ഞമാസം അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ ജർമനി സഹായവിതരണം പുനസ്ഥാപിച്ചു.
ഫലസ്തീനിൽ ആരോഗ്യ, വിദ്യാഭ്യാസ, ഭക്ഷ്യവിതരണ മേഖലയിൽ 70ലേറെ വർഷമായി പ്രവർത്തിക്കുന്ന സംഘടനയാണ് യു.എൻ.ആർ.ഡബ്ല്യു.എ. വിവിധ രാജ്യങ്ങളുടെ സാമ്പത്തിക സഹായത്തോടെയാണ് ഇവരുടെ സേവനപ്രവർത്തനം. ഏജൻസിയുടെ നിഷ്പക്ഷത സ്ഥിരീകരിച്ച് കൊളോണ റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ, മരവിപ്പിച്ച സഹായം പുനസ്ഥാപിക്കണമെന്ന് ലോകരാഷ്ട്രങ്ങളോട് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസും യൂറോപ്യൻ യൂനിയൻ ക്രൈസിസ് മാനേജ്മെൻറ് കമീഷണർ യാനെസ് ലെനാർച്ചിച്ചും അഭ്യർഥിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.