താലിബാൻ സ്ഥാപകൻ മുല്ല ഉമറിന്റെ കാർ രണ്ട് പതിറ്റാണ്ടിന് ശേഷം കുഴിച്ചെടുത്തു

കാബൂൾ: 2001 സെപ്റ്റംബർ 11ലെ പെന്റഗൺ-വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെ തുടർന്ന് യു.എസ് സൈന്യം അഫ്ഗാനിസ്ഥാനിലെത്തിയപ്പോൾ അവിടെനിന്ന് രക്ഷപ്പെടാൻ താലിബാൻ സ്ഥാപകൻ മുല്ല ഉമർ ഉപയോഗിച്ച കാർ താലിബാൻ ഭരണകൂടം 'കുഴിച്ചെടുത്തു'. യു.എസ് സൈന്യത്തിന്റെ കണ്ണിൽപ്പെടാതിരിക്കാൻ കുഴിച്ചിട്ട വാഹനമാണ് സാബൂൾ പ്രവിശ്യയിലെ ഒരു ഗ്രാമത്തിൽനിന്ന് രണ്ടു പതിറ്റാണ്ടിന് ശേഷം വീണ്ടെടുത്തത്. ഇത്രയും കാലം മണ്ണിനടിയിലായിരുന്നിട്ടും മുൻവശത്തെ കണ്ണാടി തകർന്നതല്ലാതെ വാഹനത്തിന് കാര്യമായ കേടുപാടില്ലെന്നാണ് റിപ്പോർട്ട്.

താലിബാൻ നേതാവ് അബ്ദുൽ ജബ്ബാർ ഉമരിയാണ് വെള്ള ടൊയോട്ട കൊറോള കാർ പ്ലാസ്റ്റിക്കിൽ ‍പൊതിഞ്ഞ് കുഴിച്ചിട്ടിരുന്നത്. അദ്ദേഹം തന്നെയാണ് വാഹനം കുഴിച്ചെടുക്കാനും നിർദേശം നൽകിയത്. 'വാഹനത്തിന് ഇപ്പോഴും തകരാറൊന്നുമില്ല. മുൻവശത്ത് ചെറുതായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് മാത്രമേയുള്ളൂ' – സാബൂൾ പ്രവിശ്യയിലെ അധികൃതരെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോർട്ട് ചെയ്തു. വാഹനം കുഴിച്ചെടുക്കുന്ന ദൃശ്യം താലിബാൻ പുറത്തുവിട്ടിട്ടുണ്ട്. ചരിത്ര അവശേഷിപ്പെന്ന നിലയിൽ കാബൂളിലെ നാഷനൽ മ്യൂസിയത്തിൽ വാഹനം പ്രദർശിപ്പിക്കാനാണ് നീക്കം.

1960ൽ കാൻഡഹാറിൽ ജനിച്ച മുല്ല ഉമർ 1980കളിൽ സോവിയറ്റ് ​യൂനിയനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകുകയും യുദ്ധത്തിൽ വലത് കണ്ണ് നഷ്ടപ്പെടുകയും ചെയ്തിരുന്നു. 1996 മുതൽ 2001 വരെ താലിബാൻ തലവനെന്ന നിലയിൽ അഫ്ഗാൻ ഭരിച്ചയാളാണ് മുല്ല ഉമർ. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും, 2013 ഏപ്രിലിൽ അദ്ദേഹം മരിച്ചതായി തൊട്ടടുത്ത വർഷം ജൂലൈയിൽ താലിബാൻ സ്ഥിരീകരിച്ചിരുന്നു.

Tags:    
News Summary - Taliban dug up their founder Mullah Omar’s buried vehicle after 21 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.