കാബൂൾ: അഫ്ഗാനിൽ താലിബാനുമായി ബ്രിട്ടീഷ് പ്രതിനിധിസംഘം കൂടിക്കാഴ്ച നടത്തി. രാജ്യത്തെ മനുഷ്യാവകാശലംഘനങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച സംഘം സ്ത്രീകളുടെയും പെൺകുട്ടികളുടെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും സ്വാതന്ത്ര്യം ഹനിക്കരുതെന്നും താലിബാനോട് ആവശ്യപ്പെട്ടു.
അഫ്ഗാനിലെ മാനുഷിക ദുരന്തം ലോകത്തിെൻറ ശ്രദ്ധയിൽ കൊണ്ടുവരാനും ഭീകരവാദം തടയാനും രാജ്യം വിടാനാഗ്രഹിക്കുന്നവരെ സുരക്ഷിതമായി പുറത്തെത്തിക്കാനും സഹായിക്കാമെന്നും ബ്രിട്ടൻ ഉറപ്പുനൽകി. താലിബാൻ ഭരണകൂടവുമായി ചർച്ചനടത്താൻ ആദ്യമായാണ് ബ്രിട്ടൻ അഫ്ഗാനിലേക്ക് പ്രതിനിധിസംഘത്തെ അയക്കുന്നത്.
അഫ്ഗാനിലെ ബ്രിട്ടെൻറ ഉന്നതതല പ്രതിനിധി സർ സൈമൺ ഗാസ്, ദോഹ പ്രതിനിധി മാർട്ടിൻ ലോങ്ദെൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. അഫ്ഗാൻ വിദേശകാര്യമന്ത്രി മൗലവി അമീർ ഖാൻ മുത്തഖി, ഡെപ്യൂട്ടി പ്രധാനമന്ത്രിമാരായ മുല്ല അബ്ദുൽ ഗനി ബറാദർ അഖുന്ദ്, മൗലവി അബ്ദുൽ സലാം ഹനഫി എന്നിവരുമായും സംഘം കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കാര്യങ്ങളാണ് വിശദമായി ചർച്ചയിൽ വന്നതായി താലിബാൻ വക്താവ് അബ്ദുൽ ഖഹാർ ബൽഖി പറഞ്ഞു.
ഇത് പുതിയ ബന്ധത്തിെൻറ തുടക്കമാണെന്നും മറ്റു രാജ്യങ്ങളും ഇതേ പാത പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബൽഖി കൂട്ടിച്ചേർത്തു.
സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ നിലപാട് മാറ്റാതെ താലിബാൻ സർക്കാരിനെ അംഗീകരിക്കില്ലെന്ന് ജി7 ഉച്ചകോടിയിൽ വെച്ച് ഫ്രാൻസ് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ഡോ. മലാലയെയും പ്രാദേശിക ടെലിവിഷൻ അവതാരകയെയും താലിബാൻ വീട്ടിൽ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്തിരുന്നു.
താലിബാനുമായി യു.എൻ പ്രതിനിധിയും ചർച്ച നടത്തി
ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധി ഡെബോറ ലയോൻസിന്‍റെ നേതൃത്വത്തിൽ താലിബാനുമായി ചർച്ച നടത്തി. താലിബാൻ സർക്കാറിലെ സാംസ്കാരിക വകുപ്പ് മന്ത്രി ഖൈറുല്ലാ ഖൈർക്വയുമായാണ് യു.എൻ സംഘം ചർച്ച നടത്തിയത്. അഫ്ഗാൻ ജനതയുടെ സുരക്ഷക്കും സ്ഥിരതയുള്ള അഫ്ഗാനു വേണ്ടിയും അന്താരാഷ്ട്ര സമൂഹവും താലിബാനും ഒരുമിച്ച് പ്രവർത്തിക്കാവുന്ന മേഖലകൾ കണ്ടെത്തേണ്ട ആവശ്യകത ചർച്ചയിൽ ഇരു വിഭാഗത്തിനും ബോധ്യപ്പെട്ടതായി യു.എൻ സംഘം അറിയിച്ചു. അഫ്ഗാൻ ജനതക്ക് സഹായം സാധ്യമാക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തിന്‍റെ പിന്തുണ ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകത ചർച്ചയിൽ താലിബാന് ബോധ്യപ്പെട്ടതായും യു.എൻ സംഘം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.