മാർക് ഫ്രെറിക്സ്, ബഷീർ നൂർസായി

താലിബാൻ ബന്ദിയാക്കിയ യു.എസ് എൻജിനീയറെ സ്വതന്ത്രനാക്കി; പകരം യു.എസ് തടവിലുള്ള ബഷീർ നൂർസായിയെ വിട്ടുനൽകി

കാബൂൾ: താലിബാൻ ബന്ദിയാക്കിയ യു.എസ് എൻജിനീയറെ സ്വതന്ത്രനാക്കി. മുൻ നാവികസേനാംഗം കൂടിയായ മാർക് ഫ്രെറിക്സിനെയാണ് താലിബാൻ യു.എസ് അധികൃതർക്ക് കൈമാറിയത്. ഇതിന് പകരമായി യു.എസിന്‍റെ തടവിലായിരുന്ന ഹാജി ബഷീർ നൂർസായിയെ താലിബാന് വിട്ടുനൽകി.

ഏറെ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇരുവരെയും മോചിപ്പിക്കാനുള്ള ധാരണയിലെത്തിയതെന്ന് അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി വാർത്തസമ്മേളനത്തിൽ പറഞ്ഞു.

യു.എസ് നാവികസേനയിൽ നിന്ന് വിരമിച്ച മാർക് ഫ്രെറിക്സ് അഫ്ഗാനിൽ നിർമാണ പദ്ധതിയിൽ സിവിൽ എൻജിനീയറായി ജോലി ചെയ്യവേയാണ് 2020 ജനുവരിയിൽ താലിബാൻ ബന്ദിയാക്കിയത്. അഫ്ഗാന്‍റെ ഭരണം താലിബാൻ പിടിച്ചെടുത്തതിന് ശേഷം ഫ്രെറിക്സിന്‍റെ മോചനത്തിനായി യു.എസ് തുടർ ശ്രമങ്ങൾ നടത്തിവരികയായിരുന്നു. യു.കെയിലുള്ള യു.എസ് പ്രസിഡന്‍റ് ജോ ബൈഡനാണ് ഫ്രെറിക്സിന്‍റെ കുടുംബത്തെ മോചനവാർത്ത ഫോണിലൂടെ അറിയിച്ചത്.

താലിബാനുമായി അടുപ്പമുള്ള അഫ്ഗാൻ ഗോത്രവിഭാഗ നേതാവാണ് യു.എസ് മോചിപ്പിച്ച ഹാജി ബഷീർ നൂർസായി. യു.എസിലേക്ക് 50 മില്യൺ ഡോളർ മൂല്യം വരുന്ന കൊക്കൈൻ കള്ളക്കടത്ത് നടത്തിയതിന് 2005ലാണ് യു.എസിൽ വെച്ച് നൂർസായിയെ പിടികൂടിയത്. കുറ്റം തെളിയിക്കപ്പെട്ടതിനെ തുടർന്ന് യു.എസ് ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയായിരുന്നു നൂർസായി. എന്നാൽ, തന്‍റെ മേൽ ചുമത്തിയ കുറ്റങ്ങളെല്ലാം നൂർസായി നിഷേധിച്ചിരുന്നു. അറസ്റ്റ് ചെയ്യില്ലെന്ന ഉറപ്പിലാണ് യു.എസിലേക്ക് പോയതെന്നും നൂർസായിയുടെ അഭിഭാഷകൻ പറഞ്ഞിരുന്നു. 

നൂർസായി താലിബാൻ ഔദ്യോഗിക പദവികളൊന്നും വഹിച്ചിട്ടില്ലെങ്കിലും ആയുധങ്ങൾ ഉൾപ്പെടെ നൽകിക്കൊണ്ട് എപ്പോഴും പിന്തുണ നൽകിയിരുന്നെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. 

Tags:    
News Summary - Taliban releases US engineer Mark Frerichs in prisoner swap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.