വാഷിങ്ടൺ: വിദേശികളെയും അഫ്ഗാനികളെയും ആഗസ്റ്റ് 31നു ശേഷവും കാബൂൾ വിമാനത്താവളം വഴി ഒഴിപ്പിക്കൽ തുടരാമെന്ന് 100 രാജ്യങ്ങൾക്ക് താലിബാൻ ഉറപ്പുനൽകിയതായി യു.എസ്. വിദേശയാത്രക്ക് വിവിധ രാജ്യങ്ങൾ അനുമതി നൽകിയ അഫ്ഗാനികൾക്കാണ് അനുമതിയുണ്ടാകുക.
ചൊവ്വാഴ്ചക്കകം വിദേശ ശക്തികൾ രാജ്യം വിട്ടുപോകണെമന്നാണ് നേരത്തെ താലിബാനുമായുണ്ടാക്കിയ കരാർ. ഇതുപ്രകാരം ഒരു ദിവസത്തിനകം സൈനികരെ എല്ലാ രാജ്യങ്ങളും പൂർണമായി പിൻവലിക്കണം. യു.എസ് ഒഴികെ രാജ്യങ്ങളുടെ സൈനികർ മടങ്ങിക്കഴിഞ്ഞതായാണ് റിപ്പോർട്ട്. കാബൂൾ വിമാനത്താവളത്തിൽ കാവലുണ്ടായിരുന്ന യു.എസ് സൈനികരും മടക്കം ആരംഭിച്ചിട്ടുണ്ട്. ഇത് അവസാനിക്കുന്നതോടെ അഫ്ഗാനിസ്താനിലെ വിദേശ സൈനിക പിന്മടക്കം പൂർത്തിയാകും.
എല്ലാ വിദേശ പൗരന്മാർക്കും അവർക്കൊപ്പമുണ്ടായിരുന്ന അഫ്ഗാനികൾക്കും സുരക്ഷിത മടക്കം ഒരുക്കുമെന്ന് യൂറോപ്യൻ യൂനിയനും നാറ്റോയും ഒപ്പുവെച്ച കരാർ വ്യക്തമാക്കുന്നു. ചൈനയും റഷ്യയും കരാറിന്‍റെ ഭാഗമല്ല.
വിദേശികൾ മടങ്ങിയാലും രക്ഷാ പ്രവർത്തനങ്ങൾക്കും മാനുഷിക സഹായങ്ങൾക്കും കാബൂൾ നഗരത്തിൽ 'സുരക്ഷിത മേഖല' ഒരുക്കാൻ ഫ്രാൻസും ബ്രിട്ടനും യു.എന്നിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുൾപെടെ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് യു.എസ്, ബ്രിട്ടൻ, ചൈന, ഫ്രാൻസ്, റഷ്യ എന്നീ യു.എൻ രക്ഷാ കൗൺസിൽ സ്ഥിരാംഗങ്ങൾ യോഗം ചേരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.