അൽ അഖ്സയിൽ വീണ്ടും ഇസ്രായേൽ അതിക്രമം; 17 പേർക്ക് പരിക്ക്

ജറൂസലേം: അൽ അഖ്സ പള്ളിയിൽ വീണ്ടും ഇസ്രാ​യേൽ അതിക്രമം. പ്രഭാത പ്രാർഥനക്ക് പിന്നാലെ പള്ളിയിലേക്ക് ഇരച്ചുകയറിയ ഇസ്രായേൽ സൈന്യം മുസ്‍ലിം വിശ്വാസികൾക്ക് നേരെ അതിക്രമം അഴിച്ചുവിടുകയായിരുന്നു. രാവിലെ ഏഴോടെ ഇസ്രായേലിൽ നിന്നെത്തുന്ന ജൂതവിശ്വാസികൾക്ക് സന്ദർശിക്കാനുള്ള സൗകര്യമൊരുക്കുന്നതിനായിരുന്നു നടപടിയെന്നാണ് സൈന്യത്തിന്റെ വിശദീകരണം.

17 പേർക്ക് ഇസ്രായേൽ അതിക്രമത്തിൽ പരിക്കേറ്റുവെന്ന് ഫലസ്തീൻ ആരോഗ്യപ്രവർത്തകർ അറിയിച്ചു. ഇതിൽ മൂന്ന് പേരെ ആശുപ​ത്രിയിലേക്ക് മാറ്റി. റബ്ബർ ബുള്ളറ്റ് കൊണ്ടാണ് പരിക്കുകൾ ഉണ്ടായതെന്നും ഫലസ്തീൻ ആരോഗ്യപ്രവർത്തകർ വ്യക്തമാക്കി.അതിനിടെ ഇസ്രായേലിൽ നിന്നും എത്തിയ നൂറുകണക്കിനു പേർ വൻ പൊലീസ് സന്നാഹത്തിൽ പള്ളിയിൽ പ്രവേശിക്കുകയും ചെയ്തു. പള്ളിയുടെ കോംമ്പൗണ്ടിൽ നിന്നും മുസ്‍ലിംകളെ ഒഴിപ്പിച്ച ശേഷമായിരുന്നു ഇത്.

നേരത്തെ അധിനിവിഷ്ട കിഴക്കൻ ജറൂസലമിലെ മസ്ജിദുൽ അഖ്സ വളപ്പിൽ വെള്ളിയാഴ്ച ഇസ്രായേൽ സേന നടത്തിയ അതിക്രമത്തിൽ 158 ഫലസ്തീനികൾക്ക് പരിക്കേറ്റിരുന്നു. റമദാനോടനുബന്ധിച്ച് ആയിരങ്ങൾ മസ്ജിദിലേക്ക് പ്രഭാത പ്രാർഥനക്ക് എത്തിയ സമയത്താണ് ഇസ്രായേൽ സേന ആക്രമണം നടത്തിയത്. സൈന്യം ഗ്രനേഡുകളും ടിയർ ഗ്യാസും പ്രയോഗിച്ചെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ടി.ആർ.ടി വേൾഡ് റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ പള്ളിയിൽനിന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഫലസ്തീനികൾ പൊലീസിനു നേർക്ക് കല്ലെറിയുന്നതിന്റെയും പൊലീസ് കണ്ണീർവാതകവും സ്റ്റൺ ഗ്രനേഡുകളും പ്രയോഗിക്കുന്നതിന്റെയും വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Tags:    
News Summary - Tensions flare as Israeli police enter Al-Aqsa Mosque again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.