ന്യൂഡൽഹി: ലുധിയാന കോടതി സ്‌ഫോടനക്കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാൾ ജർമനിയിൽ അറസ്റ്റിൽ. സിഖ്‌സ് ഫോർ ജസ്റ്റിസ് എന്ന ഭീകര സംഘടനയിലെ പ്രമുഖനായ ജസ്‌വീന്ദർ സിംഗ് മുൾട്ടാനിയെയാണ് ജർമ്മനിയിൽ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. നിരോധിത സിഖ് സംഘടനകളിൽപ്പെട്ട പാകിസ്താനിലും ജർമ്മനിയിലും താമസിക്കുന്ന രണ്ട് പ്രതികളുടെ പേരുകൾ അന്വേഷണത്തിൽ കണ്ടെത്തിയതായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
നിലവിൽ പാകിസ്താനിലുള്ള ബബ്ബർ ഖൽസ ഭീകരൻ ഹർവീന്ദർ സിംഗ് സന്ധു, സിഖ്‌സ് ഫോർ ജസ്റ്റിസ് ഉന്നത അംഗവും ജർമ്മനിയിൽ താമസിക്കുന്നയാളുമായ ഗുർപത്വന്ത് സിംഗ് പന്നുവിന്‍റെ അടുത്ത അനുയായിയുമായ ജസ്‌വീന്ദർ സിംഗ് മുൾട്ടാനി എന്നിവർക്ക് ലുധിയാന സ്‌ഫോടനത്തിൽ പങ്കുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തതിന് മുൾട്ടാനിയെ എർഫർട്ട് നഗരത്തിൽ നിന്ന് ജർമ്മൻ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മുൾട്ടാണിയെ ചോദ്യം ചെയ്യാൻ ഇന്ത്യൻ പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം ഉടൻ ജർമ്മനിയിലെത്തും. ഡിസംബർ 23ന് ലുധിയാന കോടതി സമുച്ചയത്തിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.