സിംഗപ്പൂർ: ഇന്ത്യൻ വംശജനായ സാമ്പത്തിക വിദഗ്ധൻ തർമൻ ഷൺമുഖരത്നം സിംഗപ്പൂർ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യത്തിന്റെ ഒമ്പതാമത് പ്രസിഡന്റാണ് ഇദ്ദേഹം. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ഇസ്താനയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ വംശജനായ ചീഫ് ജസ്റ്റിസ് സുന്ദരേഷ് മേനോനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. പ്രധാനമന്ത്രി ലീ സീൻ ലൂങ്, മന്ത്രിസഭാംഗങ്ങൾ, എം.പിമാർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, നയതന്ത്ര പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ആറുവർഷമാണ് പ്രസിഡന്റിന്റെ കാലാവധി. രാജ്യത്തെ ആദ്യ വനിത പ്രസിഡന്റായ ഹലീമ യാക്കൂബിന്റെ പിൻഗാമിയായാണ് 66കാരനായ തർമൻ ഷൺമുഖരത്നം അധികാരത്തിലെത്തുന്നത്. സെപ്റ്റംബർ ഒന്നിന് നടന്ന തെരഞ്ഞെടുപ്പിൽ 70.4 ശതമാനം വോട്ടാണ് ഇദ്ദേഹത്തിന് ലഭിച്ചത്. ജാപ്പനീസ്-ചൈനീസ് പൈതൃകമുള്ള സിംഗപ്പൂർ അഭിഭാഷക ജെയ്ൻ ഇത്തോഗിയാണ് ഭാര്യ. നാല് മക്കളുണ്ട്.
19ാം നൂറ്റാണ്ടിൽ സിംഗപ്പൂരിലേക്ക് കുടിയേറിയ തമിഴ് കുടുംബത്തിലെ പിൻഗാമിയാണ് തർമൻ. ഇതിനുമുമ്പ് രണ്ട് ഇന്ത്യൻ വംശജർ സിംഗപ്പൂർ പ്രസിഡന്റ് സ്ഥാനത്തെത്തിയിട്ടുണ്ട്. തലശ്ശേരിയിൽനിന്ന് കുടിയേറിയ കുടുംബത്തിലെ അംഗമായ ദേവൻ നായർ 1981ലും തമിഴ് വംശജനായ എസ്.ആർ. നാഥൻ 2009ലും പ്രസിഡന്റായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.