ധാക്ക: പുറത്താക്കപ്പെട്ട മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനക്കും അവരുടെ ഭരണത്തിലെ ആറ് പ്രമുഖർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് കോടതി. കഴിഞ്ഞ മാസം നടന്ന സംഘർഷത്തിനിടെ കലാപമൊതുക്കാൻ ഇറങ്ങിപ്പുറപ്പെട്ട പൊലീസ്, ഗ്രോസറി ഉടമയെ വെടിവെച്ചുകൊന്നെന്നാണ് കേസ്. രക്തരൂഷിതമായ കലാപത്തെ തുടർന്ന് ഹെലികോപ്ടറിൽ ഇന്ത്യയിലേക്ക് നാടുവിട്ട ശൈഖ് ഹസീന ഇവിടെ തുടരുകയാണ്.
സംഭവങ്ങളിൽ 450ലേറെ പേർ കൊല്ലപ്പെട്ടിരുന്നു. ശൈഖ് ഹസീനക്ക് പുറമെ മുൻആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ, ഹസീനയുടെ കക്ഷിയായ അവാമി ലീഗ് ജനറൽ സെക്രട്ടറി ഉബൈദുൽ ഖാദർ, നാല് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവരാണ് പ്രതിചേർക്കപ്പെട്ടവർ.
‘ശൈഖ് ഹസീനക്കെതിരെയും മറ്റ് ആറു പേർക്കെതിരെയും കേസെടുത്തതായി അഭിഭാഷകനായ പരാതിക്കാരൻ മാമുൻ മിയ പറഞ്ഞു. ഒന്നര പതിറ്റാണ്ട് നീണ്ട ശൈഖ് ഹസീന ഭരണകാലത്ത് വ്യാപക മനുഷ്യാവകാശ ലംഘനങ്ങൾ നടന്നതായാണ് ആരോപണം. പ്രതിപക്ഷ കക്ഷി നേതാക്കളും അണികളുമായി ആയിരങ്ങളെ നിയമവിരുദ്ധമായി കൊലപ്പെടുത്തിയതായും പരാതിയുണ്ട്.
ശൈഖ് ഹസീന നാടുവിട്ടതിനു പിന്നാലെ സൈന്യം ഇടപെട്ട് നൊബേൽ ജേതാവ് മുഹമ്മദ് യൂനുസിനെ ഇടക്കാല ഭരണാധികാരിയായി തിരഞ്ഞെടുത്തിരുന്നു. മുഖ്യ ഉപദേഷ്ടാവിന്റെ റോളിൽ തുടരുന്ന അദ്ദേഹം അധികാരമേറ്റതിനു പിന്നാലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ജഡ്ജിമാർ, സെൻട്രൽ ബാങ്ക് ഗവർണർ അടക്കം നിരവധി പേർ രാജിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.