വാഷിങ്ടൺ: യു.എസിൽ കോവിഡിന്റെ വകഭേദമായ ഒമിക്രോൺ വ്യാപനം തടയാൻ നാലാം ഡോസ് വാക്സിനേഷൻ വേണ്ടിവരുമെന്ന് വൈറ്റ് ഹൗസ് മെഡിക്കൽ ഉപദേഷ്ടാവ് ആന്‍റണി ഫൗചി.
അതേസമയം, ബൂസ്റ്റർ ഡോസുകൾ നൽകുന്നത് വ്യക്തികളുടെ പ്രായവും ആരോഗ്യവും കണക്കിലെടുത്താവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നവംബറിലാണ് ഒമിക്രോൺ ആദ്യമായി കണ്ടെത്തിയത്. ഒമിക്രോൺ മൂലം ലോകവ്യാപകമായി അഞ്ചുലക്ഷം ആളുകൾ മരിക്കുമെന്ന് നേരത്തേ ഫൗചി മുന്നറിയിപ്പു നൽകിയിരുന്നു. യു.എസിൽ ഒമിക്രോൺ റിപ്പോർട്ട്ചെയ്തശേഷം ലക്ഷത്തോളം മരണവും സ്ഥിരീകരിച്ചിരുന്നു. ആറുമാസം മുതലുള്ള കുഞ്ഞുങ്ങൾക്ക് ഈ വർഷംതന്നെ കോവിഡ് വാക്സിൻ നൽകുന്നതിനുള്ള പരീക്ഷണം പുരോഗമിക്കുകയാണെന്നും ഫൗചി സൂചിപ്പിച്ചു.
അതിനിടെ, യു.എസിലെ വിവിധ സംസ്ഥാനങ്ങളിൽ സ്കൂളുകളിലടക്കം മാസ്ക് ഉൾപ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കാനൊരുങ്ങുകയാണ്. പൊതുയിടങ്ങളിലെ അടച്ചിട്ട മുറികളിൽ പ്രവേശിക്കാൻ മാസ്കോ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റോ നിർബന്ധമാക്കിയത് അവസാനിപ്പിക്കുമെന്ന് ന്യൂയോർക് ഗവർണർ കാത്തി ഹൊഗെൽ അറിയിച്ചു.
മസാചുസെറ്റ്സിൽ ഫെബ്രുവരി 28നുശേഷം വിദ്യാർഥികൾക്കോ അധ്യാപകർക്കോ മറ്റു ജീവനക്കാർക്കോ സ്കൂളുകളിൽ മാസ്ക് നിർബന്ധമല്ലെന്ന് ഗവർണർ ചാർളി ബേക്കർ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.