യുനൈറ്റഡ് നേഷൻസ്: ലോകമാകെ മാനുഷിക ദുരന്തങ്ങളും അഭയാർഥിത്വവും പടരുമ്പോൾ സഹായ വിതരണത്തിന് ആവശ്യമായത്ര പണമില്ലാതെ വിഷമിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ മാനുഷിക സഹായം ഏകോപിപ്പിക്കാനുള്ള ഓഫിസ് (ഒ.സി.എച്ച്.എ) അറിയിച്ചു.
4600 കോടി ഡോളറാണ് (ഏകദേശം 3.46 ലക്ഷം കോടി രൂപ) 2024ൽ ആവശ്യമായിവരുകയെന്ന് യു.എൻ സഹായ മേധാവി മാർട്ടിൻ ഗ്രിഫിത് പ്രസ്താവനയിൽ പറഞ്ഞു.
2023ൽ ആവശ്യമായതിന്റെ മൂന്നിലൊന്ന് തുക മാത്രമേ ലഭിച്ചുള്ളൂ. ഫലസ്തീനിലും സുഡാനിലും യുക്രെയ്നിലും ലോകത്തിലെ വിവിധ രാജ്യങ്ങളിലും സഹായം കാത്തിരിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരുണ്ട്. നിലവിൽ കൂടുതൽ സഹായം ആവശ്യമുള്ളത് ഗസ്സയിലും വെസ്റ്റ് ബാങ്കിലുമാണ്. സാമ്പത്തിക പരാധീനതക്കിടയിലും വിവിധ രാജ്യങ്ങളിലെ 12.8 കോടി മനുഷ്യർക്ക് ഈ വർഷം ജീവൻരക്ഷാ സഹായം നൽകാൻ കഴിഞ്ഞതായി മാർട്ടിൻ ഗ്രിഫിത് അറിയിച്ചു.
18 കോടിയിലധികം ആളുകൾക്ക് അടുത്ത വർഷം സഹായം നൽകാൻ കഴിയുമെന്നാണ് കരുതുന്നത്. 24.5 കോടി ആളുകൾക്ക് എത്തിക്കേണ്ടതാണ്. എന്നാൽ, പണം തികയില്ല. പരമാവധി ആളുകൾക്ക് പിന്തുണ നൽകാൻ പരിശ്രമം തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.