ഓട്ടവ: കാനഡയിൽ പിക് അപ് ട്രക് ഓടിച്ചുകയറ്റി കൊല ചെയ്ത മുസ്ലിം കുടുംബത്തിന് പിന്തുണയുമായി ആയിരങ്ങൾ. നടക്കാനിറങ്ങിയ അഞ്ചംഗ കുടുംബത്തിലെ നാലു പേർക്കു േമലാണ് നഥാനിയേൽ വെൽറ്റ്മാൻ എന്ന 20 കാരൻ ട്രക് ഓടിച്ചുകയറ്റിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഒമ്പതുവയസ്സുകാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു.
തെക്കു പടിഞ്ഞാറൻ പ്രവിശ്യയായ ഒണ്ടേറിയോയിലെ ലണ്ടൻ പട്ടണത്തിൽ ഏഴു കിലോമീറ്റർ ദൂരം നടന്നാണ് ആയിരങ്ങൾ കുടുംബത്തിന് പിന്തുണ അറിയിച്ചത്. ഭീകരാക്രമണം നടന്ന സ്ഥലത്തുനിന്ന് പരിസരത്തെ മസ്ജിദ് വരെയായിരുന്നു റാലി. 'വെറുപ്പിന് ഇവിടെ അഭയമില്ല'', ''വെറുപ്പിനു മേൽ സ്നേഹം'' എന്നിങ്ങനെ പ്ലക്കാർഡുകൾ ഇവർ കൈയിലേന്തി. 30,000 മുസ്ലിം ജനസംഖ്യയുള്ള പ്രദേശമാണ് കാനഡയിലെ ലണ്ടൻ പട്ടണം. വിവിധ മത വിഭാഗങ്ങളുടെ പങ്കാളിത്തത്തോടെയായിരുന്നു റാലി.
ലണ്ടനു പുറമെ ടോറേന്റാ, ഓട്ടവ, മോൻട്രിയാൽ, ക്യുബെക് എന്നിവിടങ്ങളിലും സമാനമായി പ്രകടനങ്ങൾ നടന്നു.
ഭീകരാക്രമണം നടത്തിയ വെൽറ്റ്മാനെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി. നാലു കൊലക്കുറ്റവും ഒരു വധശ്രമ കേസുമാണ് ഇയാൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. കൊലപാതകം ഭീകരാക്രമണമാണെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റീൻ ട്രൂഡോ കുറ്റപ്പെടുത്തിയിരുന്നു. ആസൂത്രിതമായാണ് കൊലപാതകം നടന്നതെന്ന് അന്വേഷണം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥൻ പോൾ വെയ്റ്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.