ഓക്സിജൻ തീരാൻ മണിക്കൂറുകൾ; ടൈറ്റനെ കണ്ടെത്താനാകുമോ എന്ന ആകാംക്ഷയിൽ ലോകം

ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ യാത്രികരുമായി പോയ സ്വകാര്യ കമ്പനിയുടെ അന്തര്‍വാഹിനി ടൈറ്റനെ കണ്ടെത്തുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തില്‍. പേടകത്തിനുള്ളിലെ ഓക്സിജന്‍ അപകടകരമായ അളവില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പേടകത്തില്‍ ഓക്‌സിജന്‍ ലഭ്യമാകുന്ന അവസാന മണിക്കൂറുകളാണ് കടന്നുപോകുന്നതെന്നാണ് രക്ഷാപ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നത്. വെള്ളത്തിനടിയിലുള്ള ശബ്ദതരംഗങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം വിജയത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അന്തർവാഹിനിയെ കാണാതായ സ്ഥലത്തേക്ക് കൂടുതല്‍ കപ്പലുകള്‍ എത്തിച്ചിട്ടുണ്ട്.സെന്‍സറുകളുള്ള മൂന്ന് വ്യത്യസ്ത എയര്‍ക്രാഫ്റ്റുകള്‍ വെള്ളത്തിനടിയില്‍ നിന്ന് ആവര്‍ത്തിച്ചുള്ള ശബ്ദങ്ങള്‍ കേട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആഴക്കടല്‍ പര്യവേക്ഷകനായ ഡോ. ഡേവിഡ് ഗാലോ ഇന്ന് രാവിലെ ബ്രിട്ടീഷ് വാര്‍ത്താ ചാനലിനോട് പറഞ്ഞിരുന്നു. ഇത്തരം ശബ്ദങ്ങള്‍ തിരച്ചില്‍ മേഖല ചുരുക്കാന്‍ സഹായിച്ചെങ്കിലും അന്തർവാഹിനിയുടെ കൃത്യമായ സ്ഥാനവും ഉറവിടവും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് യു.എസ് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ദക്ഷിണ അറ്റ്ലാന്റിക് കടലിൽ മുങ്ങിയ ആഡംബരക്കപ്പൽ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയ്‌ക്കിടെയാണ് അന്തർവാഹിനി അപ്രത്യക്ഷമായത്. ഈ അന്തർവാഹനിയിലെ യാത്രക്കാർ പാക്, ബ്രിട്ടീഷ് ശതകോടീശ്വരന്മാരായിരുന്നു. അഞ്ച് യാത്രികരുമായി കടലിന്റെ അടിത്തട്ടിലേക്ക് നീങ്ങിയ, ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് എന്ന സ്വകാര്യ കമ്പനിയുടെ ‘ടൈറ്റൻ’ എന്ന അന്തർവാഹിനിയാണ് കാണാതായത്.

ഞായറാഴ്ചയാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനായി അഞ്ച് യാത്രികരുമായി അന്തർവാഹിനി യാത്ര തിരിച്ചത്. രണ്ട് മണിക്കൂറിനുള്ളിൽ അന്തർവാഹിനിയുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. അറ്റ്‌ലാന്റിക് സമുദ്രത്തിൽ, സമുദ്രോപരിതലത്തിൽനിന്ന് ഏകദേശം 3,800 മീറ്റർ (12,500 അടി) താഴെയാണ് ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടങ്ങളുള്ളത്. കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡിൽനിന്ന് ഏതാണ്ട് 3700 മൈൽ അകലെയാണത്. ഈ അവശിഷ്ടങ്ങൾ കാണുന്നതിനായി പ്രത്യേകം നിർമിച്ച അന്തർവാഹിനികൾ ഉപയോഗിച്ചു തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. കോടീശ്വരൻമാരായ വിനോദസഞ്ചാരികളും സമുദ്ര വിഷയങ്ങളിൽ താൽപര്യമുള്ള വിദഗ്ധരും ഗവേഷകരുമാണ് ഈ സൗകര്യം പ്രയോജനപ്പെടുത്താറുള്ളത്. ഒരാൾക്ക് 2.5 ലക്ഷം യുഎസ് ഡോളറാണ് (രണ്ടു കോടിയിലധികം ഇന്ത്യൻ രൂപ) ഇതിനു ചെലവു വരിക.

വി.ഐ.പി യാത്രക്കാർ

ഏതാണ്ട് 21 അടി നീളമുള്ള അന്തർവാഹിനിയിലാണ് ഞായറാഴ്ച രാവിലെ അഞ്ചംഗ സംഘം യാത്ര തിരിച്ചത്. രണ്ടു മണിക്കൂറിനുള്ളിൽ ഈ അന്തർവാഹിനിയുമായുള്ള ബന്ധം നഷ്ടപ്പെട്ടതായാണ് അധികൃതർ അറിയിക്കുന്നത്. ‘പോളാർ പ്രിൻസ്’ എന്ന ഗവേഷണ കപ്പലിലേക്കാണ് അന്തർവാഹിനിയിൽനിന്നുള്ള സിഗ്നലുകൾ ലഭിച്ചിരുന്നത്. ഈ കപ്പലുമായുള്ള ബന്ധമാണ് അന്തർവാഹിനിക്ക് നഷ്ടമായത്.

പാക്കിസ്ഥാനിലെ പ്രശസ്തനായ വ്യവസായിയും മകനുമാണ് അന്തർവാഹിനിയിലെ യാത്രക്കാരിൽ രണ്ടു പേരെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കറാച്ചി ആസ്ഥാനമായുള്ള ‘എൻഗ്രോ’ എന്ന ബിസിനസ് സാമ്രാജ്യത്തിന്റെ അധിപൻ ഷഹ്സാദാ ദാവൂദ്, മകൻ സുലേമാൻ എന്നിവരാണ് അന്തർവാഹിനിയിലുള്ളത്. ഇക്കാര്യം ഇവരുടെ കുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്. പാക്കിസ്ഥാനിലെ ധനികരുടെ പട്ടികയിൽ സ്ഥിരമായി ഇടംപിടിക്കുന്ന വ്യക്തിയാണ് ഷഹ്സാദയുടെ പിതാവ് ഹുസൈൻ ദാവൂദ്. ഊർജം, കൃഷി, പെട്രോകെമിക്കൽസ്, ടെലി കമ്യൂണിക്കേഷൻ തുടങ്ങിയ വിവിധ മേഖലകളിലായി പടർന്നു കിടക്കുന്ന പ്രസ്ഥാനമാണ് എൻഗ്രോ. കഴിഞ്ഞ വർഷം അവസാനം 10,000 കോടിയോളം രൂപയുടെ വരുമാനം രേഖപ്പെടുത്തിയ കമ്പനിയാണിത്.

ബ്രിട്ടിഷ് വ്യവസായി ഹാമിഷ് ഹാർഡിങ്ങാണ് അന്തർവാഹിനിയിലുള്ള മറ്റൊരാൾ. ആക്‌‍ഷൻ ഏവിയേഷൻ എന്ന വിമാനക്കമ്പനിയുടെ ഉടമയാണ് അൻപത്തെട്ടുകാരനായ ഹാർഡിങ്. ബഹിരാകാശത്തേക്കും യാത്ര നടത്തിയിട്ടുള്ള ഇദ്ദേഹത്തിന്റെ പേരിൽ മൂന്ന് ഗിന്നസ് റെക്കോർഡുകളുമുണ്ട്. പ്രശസ്ത ഫ്രഞ്ച് ഡൈവർ പോൾ ഹെൻറി നാർജിയോലെറ്റും അന്തർവാഹിനിയിലുള്ളതായി സൂചനയുണ്ട്. യാത്ര പുറപ്പെടും മുൻപ് ഹാർഡിങ് ഫെയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലെ സൂചനയാണ് നാർജിയോലെറ്റിന്റെ സാന്നിധ്യത്തെക്കുറിച്ച് വിവരം നൽകുന്നത്. യാത്ര സംഘടിപ്പിച്ച ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് എന്ന കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് സ്റ്റോക്ടൻ റഷാണ് അന്തർവാഹിനിയിലെ അഞ്ചാമനെന്നാണ് വിവരം.

മാധ്യമപ്രവർത്തകനായ സി.ബി.എസിന്‍റെ ഡേവിഡ് പോഗ് കഴിഞ്ഞ വർഷം ഈ മുങ്ങിക്കപ്പലിൽ സഞ്ചരിച്ച് ടൈറ്റാനിക് അവശിഷ്ടങ്ങൾ കണ്ടിരുന്നു. പുറത്തുനിന്നുള്ളവരുടെ സഹായം കൂടാതെ മുങ്ങിക്കപ്പലിന് അകത്തുള്ളവർക്ക് രക്ഷപ്പെടൽ അസാധ്യമാണെന്ന് ഇദ്ദേഹം പറയുന്നു. കപ്പലിന്‍റെ പ്രവേശന കവാടം പുറത്തുനിന്ന് ബോൾട്ടുകളിട്ട് അടച്ചിട്ടുണ്ടാകും. മുങ്ങിക്കപ്പലിനൊപ്പം പോകുന്ന മറ്റൊരു കപ്പലുണ്ടാകും. ഇത് തൊട്ടുമുകളിലുണ്ടെങ്കിൽ അടിയിൽ നിന്നുകൊണ്ട് മുങ്ങിക്കപ്പലിൽ നിന്ന് ടെക്സ്റ്റ് മെസേജുകൾ അയക്കാനാകും. അല്ലാത്തപക്ഷം, സമുദ്രത്തിനടിയിൽ ജി.എപി.എസ്, റേഡിയോ സർവിസുകൾ ലഭിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

നാലു വർഷത്തോളമായി ഇത്തരം ടൈറ്റാനിക് യാത്രകൾ സജീവമാണ്. സമുദ്രാന്തർ ഭാഗം കേന്ദ്രീകരിച്ച് ഗവേഷണം നടത്തുന്ന വിദഗ്ധർ, ശാസ്ത്രജ്ഞർ, ചലച്ചിത്ര പ്രവർത്തകർ തുടങ്ങിയവരുടെ കൂട്ടായ്മയിൽ രൂപമെടുത്ത കമ്പനിയാണ് ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ്. 2021ൽ തുടങ്ങിയ കമ്പനിയുടെ നേതൃത്വത്തിലുള്ള മൂന്നാമത്തെ യാത്രയാണ് ഇപ്പോൾ നടന്നത്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായി എട്ടു ദിവസത്തെ പാക്കേജാണ് കമ്പനി നൽകുന്നത്.

Tags:    
News Summary - Titanic Submarine Search Live Updates Rescue final hours of oxygen on missing sub tick down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.