വാഷിങ്ടൺ: താൻ അധികാരത്തിലേറുമ്പോഴേക്കും ഗസ്സയിൽനിന്നും ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ വൻ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഹമാസിന് നിയുക്ത യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ മുന്നറിയിപ്പ്. ട്രംപിന്‍റെ മുന്നറിയിപ്പിന് നന്ദി പറഞ്ഞ് ഇസ്രായേൽ പ്രസിഡന്‍റ് യിസാക് ഹെർസോഗ് രംഗത്തുവന്നു.
ഞാൻ അഭിമാനപൂർവ്വം യുനൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്‍റായി ചുമതലയേൽക്കുന്നതിന് മുമ്പ്, 2025 ജനുവരി 20ന് മുമ്പ് ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ, വലിയ വില നൽകേണ്ടി വരും -എന്നാണ് ട്രംപ് പറഞ്ഞത്. എന്നാൽ, ട്രംപിന്‍റെ വാക്കുകളോട് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രതികരിച്ചിട്ടില്ല.
250 ഓളം പേരെയാണ് ഹമാസ് ബന്ദികളാക്കിയിരുന്നത്. ഇവരിൽ 100 ഓളം പേരാണ് ഇപ്പോൾ ഹമാസിന്‍റെ കസ്റ്റഡിയിലുള്ളത്.
വടക്കൻ ഗസ്സയിൽ ഫലസ്തീനികൾക്കെതിരെ നടത്തുന്നത് വംശീയ ഉന്മൂലനമാണെന്ന് തുറന്നുപറഞ്ഞ് ഇസ്രായേലിന്‍റെ മുൻ പ്രതിരോധ മന്ത്രിയും ഇസ്രായേൽ സൈന്യത്തിൽ നേരത്തെ ഉയർന്ന പദവി വഹിക്കുകയും ചെയ്തിരുന്ന മോഷെ യാലോൺ. ഇസ്രായേലിലെ ഡെമോക്രാറ്റ് ടി.വിയിലെ അഭിമുഖത്തിലാണ് യാലോണിന്‍റെ പരാമർശം. വടക്കൻ ഗാസയിലേക്ക് നോക്കുക. കീഴടക്കുക, കൂട്ടിച്ചേർക്കുക, വംശീയ ഉന്മൂലനം നടത്തുക എന്നതാണ് അവിടെ ചെയ്യുന്നത്. അവർ അറബികളുടെ പ്രദേശം തുടച്ചുനീക്കുയാണ് -യാലോൺ പറഞ്ഞു.
ഇസ്രായേലിന്‍റെ ലിബറൽ ജനാധിപത്യം നഷ്ടപ്പെടുകയാണ്. അഴിമതി നിറഞ്ഞതും കുഷ്ഠരോഗികളുമായ ഫാസിസ്റ്റ് മെസ്സിയാനിക് രാഷ്ട്രമായി ഇസ്രായേൽ മാറി - യാലോൺ കുറ്റപ്പെടുത്തി. ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സിൽ (ഐ.ഡി.എഫ്) മൂന്ന് പതിറ്റാണ്ടോളം എലൈറ്റ് സയറെത് മത്കൽ കമാൻഡോ യൂനിറ്റിലും സൈനിക മേധാവിയായും പ്രവർത്തിച്ചയാളാണ് മോഷെ യാലോൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.