വാഷിങ്ടൺ: യു.എസ് തെരഞ്ഞെടുപ്പിൽ വിജയിച്ച് പ്രസിഡന്റായി അധികാരമേൽക്കാനാവുമ്പോഴേക്കും ഗസ്സയുദ്ധം അവസാനിപ്പിക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനോട് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ട്രംപുമായും നെതന്യാഹുവുമായും അടുപ്പമുള്ളവരെ ഉദ്ധരിച്ചാണ് ടൈംസ് ഓഫ് ഇസ്രായേൽ വാർത്ത പുറത്തുവിട്ടത്. വിഷയത്തിൽ പ്രതികരിക്കാൻ ഇരുവരുടെയും ഓഫിസുകൾ തയാറായില്ല.
എത്രയും പെട്ടെന്ന് ഇസ്രായേൽ യുദ്ധം ജയിക്കണമെന്നാണ് ആഗ്രഹമെന്ന് നെതന്യാഹുവിനോട് പറഞ്ഞതായി ട്രംപ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
യുദ്ധത്തിന് ശേഷം ഗസ്സയിലെ സുരക്ഷ നിയന്ത്രണം ഏറ്റെടുക്കുമെന്നാണ് നെതന്യാഹു പ്രഖ്യാപിച്ചത്. ഹമാസിന്റെ പുനഃസംഘടന നടക്കുന്നുണ്ടോ എന്ന് പതിവായി പരിശോധിക്കാനായി ഗസ്സക്കുള്ളിൽ ഒരു ബഫർ സോൺ സ്ഥാപിക്കുമെന്നും ഐ.ഡി.എഫും വെളിപ്പെടുത്തിയിരുന്നു. അതിനിടയിലും 101ബന്ദികളെ കൈമാറിയാലുടൻ യുദ്ധം അവസാനിപ്പിക്കണമെന്ന ഡീൽ അംഗീകരിക്കാൻ നെതന്യാഹു തയാറായിട്ടില്ല. അതായത് പെട്ടെന്ന് യുദ്ധം അവസാനിപ്പിക്കാൻ നെതന്യാഹു തയാറല്ല എന്നർഥം.
പ്രസിഡന്റായി അധികാരമേൽക്കുന്നതിന് മുമ്പ് ബന്ദികളെ ഹമാസ് മോചിപ്പിച്ചില്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്ന് ട്രംപ് ജൂലൈയിലെ റിപ്പബ്ലിക്കൻ നാഷനൽ കൺവെൻഷനിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ജൂലൈ മുതൽ ട്രംപും നെതന്യാഹുവും തമ്മിൽ നിരവധി കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ട്. രണ്ട് ദിവസംമുമ്പ് ഇസ്രായേൽ പ്രധാനമന്ത്രി തന്നെ വിളിച്ചിരുന്നതായി കഴിഞ്ഞാഴ്ച ട്രംപ് പറഞ്ഞിരുന്നു.
ഗസ്സ യുദ്ധം പെട്ടെന്ന് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ട്രംപ് നിരന്തരം നെതന്യാഹുവിനെ വിളിക്കുന്നതിലെ ആശങ്ക രണ്ട് മുതിർന്ന ഇസ്രായേൽ ഉദ്യോഗസ്ഥർ ടൈംസ് ഓഫ് ഇസ്രായേലുമായി പങ്കുവെച്ചിരുന്നു. നവംബറിലെ തെരഞ്ഞെടുപ്പിൽ ട്രംപ് വീണ്ടും പ്രസിഡന്റാവുകയും ജനുവരിയിൽ അധികാരമേൽക്കുന്നതിന് മുമ്പ് യുദ്ധം അവസാനിപ്പിക്കാൻ സാധിക്കാതെ വരികയും ചെയ്താൽ യു.എസുമായുള്ള ഇസ്രായേലിന്റെ നല്ല ബന്ധം തകർക്കാൻ അത്കാരണമാകുമോ എന്നതാണ് ആശങ്ക. പെട്ടെന്ന് യുദ്ധം അവസാനിപ്പിക്കാൻ ആഭ്യന്തര രാഷ്ട്രീയം തടസ്സമാണെന്നും ഉദ്യോഗസ്ഥരിലൊരാൾ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.