തൂനിസ്: തുനീഷ്യയിൽ തിങ്കളാഴ്ച നടന്ന ഹിതപരിശോധനയിൽ പുതിയ ഭരണഘടനയെ അനുകൂലിച്ച് വോട്ട് ചെയ്തത് 92.3 ശതമാനം പേരെന്ന് റിപ്പോർട്ട്. 92.3 ശതമാനം വോട്ടർമാർ പുതിയ ഭരണഘടനയെ പിന്തുണച്ചതായാണ് തുനീഷ്യൻ പോളിങ് കമ്പനിയായ സിഗ്മ കോൺസെയിൽ നടത്തിയ എക്‌സിറ്റ് പോൾ വ്യക്തമാക്കുന്നത്. 7.7 ശതമാനം മാത്രമാണ് എതിർത്തത്.
27.5 ശതമാനമായിരുന്നു പോളിങ്. രജിസ്റ്റർ ചെയ്ത 92 ലക്ഷം വോട്ടർമാരിൽ 19 ലക്ഷം പേരാണ് വോട്ടുചെയ്തത്. പ്രതിപക്ഷം വോട്ട് ബഹിഷ്കരിക്കാൻ തീരുമാനിച്ചിരുന്നു. ഹിതപരിശോധന ദിനത്തെ ചരിത്ര നിമിഷം എന്ന് വിശേഷിപ്പിച്ച പ്രസിഡന്റ് ഖൈസ് സയീദ് ചൊവ്വാഴ്ച പുലർച്ചെ സെൻട്രൽ തൂനിസിൽ അനുയായികളെ അഭിസംബോധന ചെയ്ത് തന്റെ ഭരണഘടന അംഗീകരിക്കപ്പെട്ടുവെന്ന് ഉറപ്പായെന്ന് അറിയിച്ചു.
തുനീഷ്യയുടെ അധികാരം പിടിച്ചടക്കിയതിന്റെ വാർഷികമായ ജൂലൈ 25ന് രാജ്യത്തെ 24 പ്രവിശ്യകളിലാണ് ഹിതപരിശോധന നടന്നത്. പ്രസിഡന്റ് ഖൈസ് സയീദിന് കൂടുതല്‍ അധികാരം നല്‍കുകയും പാര്‍ലമെന്റിന്റെയും ജുഡീഷ്യറിയുടെയും അധികാരം നിയന്ത്രിക്കുകയും ചെയ്യുന്ന കരട് ഭരണഘടനക്കെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ഖൈസ് സഈദ് കഴിഞ്ഞ ജൂലൈയിൽ സർക്കാറിനെ പുറത്താക്കി റാശിദ് ഗന്നൂശിയുടെ നേതൃത്വത്തിലെ അന്നഹ്ദ ആധിപത്യമുള്ള പാർലമെന്റ് മരവിപ്പിക്കുകയും ഭരണം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.