പ്രധാനമന്ത്രിയെ പുറത്താക്കി; പാർ​ലമെന്‍റ്​ പിരിച്ചുവിട്ടു- തുണീഷ്യയിൽ പ്രസിഡന്‍റിന്‍റെ 'ഭരണ അട്ടിമറി'

തൂണിസ്​: സർക്കാറിനെതിരെ ജനം തെരുവിലിറങ്ങിയ തുണീഷ്യയിൽ നിലവിലെ പ്രധാനമന്ത്രിയെയും പാർലമെന്‍റിനെയും പിരിച്ചുവിട്ട്​ പ്രസിഡന്‍റ്​ ഖൈസ്​ സഈദ്​. കോവിഡ്​ മഹാമാരി കൈകാര്യം ചെയ്യുന്നതിലെ പരാജയവും സമ്പദ്​വ്യവസ്​ഥയുടെ തകർച്ചയും ചൂണ്ടിക്കാട്ടി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഹിശാം മിശ്ശീശി നേതൃത്വം നൽകുന്ന മന്ത്രിസഭക്കെതിരെ പ്രക്ഷോഭം ശക്​തമായതിനു പിന്നാലെയാണ്​ തന്‍റെ അധികാരം ഉപയോഗ​ിച്ച്​ പ്രധാനമന്ത്രിയെ മാത്രമല്ല, പാർലമെന്‍റും പിരിച്ചുവിടുകയാണെന്ന്​ പ്രസിഡന്‍റ്​ പ്രഖ്യാപിച്ചത്​. പുതിയ പ്രധാനമന്ത്രിയുടെ സഹായത്തോടെ ഭരണം താൻ നിയന്ത്രിക്കുമെന്നും അദ്ദേഹം പറയുന്നു. എന്നാൽ, ഇത്​ ഭരണ അട്ടിമറിയാണെന്ന്​ ഭരണകക്ഷി അന്നഹ്​ദ ആരോപിച്ചു.

പ്രസിഡന്‍റിനും പ്രധാനമന്ത്രിക്കും പാർലമെന്‍റിനുമിടയിൽ അധികാരം വിഭജിച്ചുനൽകുന്ന ഭരണഘടനയുള്ള തുണീഷ്യ 2014നു ശേഷം ​േനരിടുന്ന ഏറ്റവും വലിയ ഭരണപ്രതിസന്ധിയാണിത്​. പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിൽ ചേർന്ന അടിയന്തര യോഗത്തിനൊടുവിലായിരുന്നു പാർലമെന്‍റ്​ പിരിച്ചുവിടുകയാണെന്ന പ്രഖ്യാപനം. പാർല​െമന്‍റ്​ അംഗങ്ങൾക്ക്​ നൽകിയ സംരക്ഷയും അറസ്റ്റ്​ ചെയ്യപ്പെടാതിരിക്കാനുള്ള നിയമപരിരക്ഷയും ഇതോടൊപ്പം പിൻവലിക്കപ്പെട്ടിട്ടുണ്ട്​.

പാർലമെന്‍റിലെ ഏറ്റവും വലിയ കക്ഷിയായ അന്നഹ്​ദ, പ്രസിഡന്‍റിന്‍റെ നടപടിക്കെതിരെ ശക്​തമായി രംഗത്തെത്തി. ഭരണഘടനക്കും ജനകീയ വിപ്ലവത്തിനുമെതിരായ അട്ടിമറിയാണിതെന്ന്​ പാർലമെന്‍റ്​ സ്​പീക്കർ കൂടിയായ അന്നഹ്​ദ നേതാവ്​ റാശിദ്​ ഗനൂശി കുറ്റപ്പെടുത്തി.

പ്രസിഡന്‍റ്​ ഖൈസ്​ സഈദും പ്രധാനമന്ത്രി മിശ്ശീശും തമ്മിൽ ഒരു വർഷമായി നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസം രൂക്ഷമായതിന്‍റെ തുടർച്ചയായാണ്​ പിരിച്ചുവിടൽ. പാർലമെന്‍റും പ്രസിഡന്‍റും 2019ലെ രണ്ട്​ വ്യത്യസ്​ത തെരഞ്ഞെടുപ്പുകളിലാണ്​ തെരഞ്ഞെടുക്കപ്പെട്ടത്​. ചെറിയ കാലം മാത്രം നീണ്ടുനിന്ന ആദ്യമന്ത്രിസഭ അധികാരമൊഴിഞ്ഞതിനു പിറകെ കഴിഞ്ഞ വർഷമാണ്​ മിശ്ശീശ്​ അധികാരമേറിയത്​. ഈ സർക്കാറിനെ പിരിച്ചുവിടുമെന്ന്​ നേരത്തെ ​പ്രസിഡന്‍റ്​ മുന്നറിയിപ്പ്​ നൽകിയിരുന്നു.

1.2 കോടി ജനസംഖ്യയുള്ള തുണീഷ്യയിൽ കോവിഡ്​ സാഹചര്യം രൂക്ഷമായി തുടരുന്നത്​ സമ്പദ്​ഘടന​ തകർക്കുന്നതിൽ വലിയ പങ്കു​വഹിച്ചിരുന്നു. മഹാമാരിക്കെതിരായ നടപടികളിൽ സർക്കാർ വൻവീഴ്​ചയായെന്ന വ്യാപക വിമർശനവുമുയർന്നു. ഇതാണ്​ പ്രസിഡന്‍റിന്‍റെ ഇടപെടലിലെത്തിയത്​. എന്നാൽ, പ്രസിഡന്‍റ്​ ഭരണമേറ്റാലും സ്​ഥിതി മെച്ചമാകില്ലെന്നാണ്​ വിലയിരുത്തൽ. രാജ്യത്ത്​ സ്​ഥിതി കൂടുതൽ ഗുരുതരമാകുമെന്ന ആശങ്കയും ശക്​തമാണ്​.

​േകാവിഡ്​ പിടിമുറുക്കിയ രാജ്യത്ത്​ കടുത്ത നിയന്ത്രണങ്ങൾക്കിടെയും പതിനായിരങ്ങളാണ്​ കഴിഞ്ഞ ദിവസം തെരുവിലിറങ്ങിയത്​. 'ജൂലൈ 25 പ്രസ്​ഥാനം' എന്ന പേരിൽ പുതുതായി രൂപംനൽകിയ സംഘടനയാണ്​ പ്രക്ഷോഭത്തിന്​ നേതൃത്വം നൽകുന്നത്​. രാജ്യം സ്വാതന്ത്ര്യം നേടിയതിന്‍റെ 64ാം വാർഷികദിനത്തിലായിരുന്നു ബൂർഗിബ ചത്വരത്തിൽ സമരത്തുടക്കം. 10 വർഷം മുമ്പ്​ അറബ്​ വസന്തത്തിന്​ തുടക്കം കുറിച്ച അതേ വേദിയിൽ ആരംഭമായ പ്രതിഷേധം രാജ്യത്തെ എവിടെയെത്തിക്കുമെന്ന ഭീതിയാണ്​ ആശങ്കയുണർത്തുന്നത്​.

Tags:    
News Summary - Tunisia’s president accused of ‘coup’ after dismissing PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.