അങ്കാറ: തുർക്കിയെയും സിറിയയെയും തകർത്തെറിഞ്ഞ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 24,000 പിന്നിട്ടു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങൾക്കായി തെരച്ചിൽ ഊർജിതമായി തുടരുകയാണ്. അതിനിടെ രക്ഷാപ്രവർനത്തിനായി കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള സംഘം സിറിയയിലേക്ക് എത്തുന്നുണ്ട്.
തെരച്ചിൽ വിചാരിച്ചത്ര കാര്യക്ഷമമാക്കാൻ സാധിക്കുന്നില്ലെന്ന് ആദിയമാൻ പ്രവിശ്യ സന്ദർശിച്ച തുർക്കി പ്രസിഡന്‍റ് റജബ് ത്വയിബ് ഉര്‍ദുഗാന്‍ പ്രതികരിച്ചു. സഹായം എത്തിക്കാൻ സിറിയയിൽ അടിയന്തര വെടിനിർത്തലിന് ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തിട്ടുണ്ട്. സിറിയയിൽ 5.3 ദശലക്ഷം ആളുകൾക്ക് വീട് നഷ്ടപ്പെട്ടതായും ഐക്യരാഷ്ട്രസഭ അറിയിച്ചു. വടക്കുപടിഞ്ഞാറൻ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്ക് സഹായം എത്തിക്കുന്നതിന് അനുമതി നൽകിയതായി സിറിയൻ സർക്കാർ വ്യക്തമാക്കി.
യു.എ.ഇ തുർക്കിയിലേക്കും സിറിയയിലേക്കും സഹായത്തിനായി ഇതുവരെ അയച്ചത് 27 വിമാനങ്ങളാണ്. രക്ഷാപ്രവർത്തനത്തിന് യുഎന്നിന്റെ ആദ്യ സംഘം ഇന്നലെ സിറിയയിലെത്തി. തുർക്കിക്ക് ലോകബാങ്കും സഹായധനം വാഗ്ദാനം ചെയ്തിട്ടുണ്ട്. മരണ സംഖ്യ ഇനിയും വർധിക്കുമെന്നാണ് ലോകാരോഗ്യസംഘടനയടക്കം കണക്കുകൂട്ടുന്നത്.
അതേസമയം, തുർക്കിയിലുടനീളമുള്ള റസ്റ്റോറന്റ് ഉടമകൾ സജീവമായി ദുരിതബാധിതർക്ക് ചൂടുള്ള ഭക്ഷണം വിതരണം ചെയ്യുന്നതിനായി പ്രവർത്തിക്കുന്നുണ്ട്. ഭൂകമ്പം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലൊന്നായ ഹതേയിൽ വെള്ളിയാഴ്ച ചോറും കബാബും മറ്റ് ഭക്ഷണ സാധനങ്ങളും അവർ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.