അങ്കാറ: ഇറാഖിലെ സൈനിക താവളത്തിൽ നടന്ന ആക്രമണത്തിൽ ഒമ്പത് തുർക്കിയ സൈനികർ കൊല്ലപ്പെട്ടതിന് തിരിച്ചടിയായി വടക്കൻ ഇറാഖിലെയും സിറിയയിലെയും കുർദ് കേന്ദ്രങ്ങളിൽ തുർക്കിയ വ്യോമാക്രമണം നടത്തി. കുർദിസ്താൻ വർക്കേഴ്സ് പാർട്ടിയുടെയും (പി.കെ.കെ) സിറിയൻ കുർദിഷ് ഗ്രൂപ്പായ പീപ്ൾസ് പ്രൊട്ടക്ഷൻ യൂനിറ്റിന്റെയും (വൈ.പി.ജി) 29 കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് തുർക്കിയ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിരവധിപേർ മരിച്ചതായി റിപ്പോർട്ടുണ്ടെങ്കിലും കൃത്യമായ എണ്ണം പുറത്തുവന്നിട്ടില്ല.
ഐസിസിനെതിരായ പോരാട്ടത്തിൽ യു.എസ് സഖ്യസേനക്കൊപ്പം പ്രവർത്തിക്കുന്നവരാണ് സിറിയയിലെ കുർദ് വിമത ഗ്രൂപ്പുകൾ. പി.കെ.കെയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച തുർക്കിയ അതിന്റെ പ്രവർത്തനം രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. സിറിയയിലെയും ഇറാഖിലെയും പി.കെ.കെ കേന്ദ്രങ്ങളിൽ തുർക്കിയ ഇടക്കിടെ ആക്രമണം നടത്താറുണ്ട്.
2022 ഏപ്രിലിൽ വടക്കൻ ഇറാഖിൽ തുർക്കിയ നിരവധി സൈനിക താവളങ്ങൾ തുറന്നിരുന്നു. തുർക്കിയ സൈനികർ ഇറാഖിൽനിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങൾ നടന്നിരുന്നു. വെള്ളിയാഴ്ച രാത്രി തുർക്കിയ സൈനിക താവളത്തിൽ നുഴഞ്ഞുകയറിയ കുർദുകൾ നടത്തിയ ആക്രമണത്തിൽ ഒമ്പത് സൈനികർ കൊല്ലപ്പെടുകയായിരുന്നു. ശനിയാഴ്ച രാജ്യത്താകമാനം നടത്തിയ തിരച്ചിലിൽ പി.കെ.കെയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 113 പേരെ കസ്റ്റഡിയിലെടുത്തതായി തുർക്കിയ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.