വാഷിങ്ടൺ: പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ അമേരിക്കക്കാർ ചൊവ്വാഴ്ച ബൂത്തിലേക്ക് നീങ്ങാനിരിക്കെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപോ കമല ഹാരിസോ വിജയമുറപ്പിക്കുകയെന്ന് പ്രവചിക്കാനാവാതെ രാഷ്ട്രീയ നിരീക്ഷകർ. അവസാന നിമിഷവും വോട്ടുറപ്പിക്കാൻ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടി നേതൃത്വം നെട്ടോട്ടത്തിലാണ്. കോർപറേറ്റുകളും സെലബ്രിറ്റികളും കളത്തിലിറങ്ങി.
1.3 ശതമാനത്തിന്റെ നേരിയ മുൻതൂക്കം കമല ഹാരിസിനുണ്ടെന്ന് ഫൈവ് തേർട്ടി എയ്റ്റ് പോൾ ട്രാക്കർ പറയുന്നു. നേരത്തേ നല്ല മുൻതൂക്കമുണ്ടായിരുന്നത് കുറഞ്ഞുവരുന്നത് ഡെമോക്രാറ്റുകൾക്ക് ആശങ്ക സൃഷ്ടിക്കുന്നതാണ്. ഒരുമാസം മുമ്പ് കമലക്ക് 2.8 ശതമാനത്തിന്റെ മുൻതൂക്കം പ്രവചിച്ചിരുന്നു. പോരാട്ടം കടുപ്പമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ചാഞ്ചാടി നിൽക്കുന്ന പെൻസൽവേനിയ, നോർത് കരോലൈന, ജോർജിയ, മിഷിഗൻ, അരിസോണ, വിസ്കോൺസൻ, മിനിസോട, നെവാദ എന്നീ സംസ്ഥാനങ്ങൾ വിധി നിർണയിക്കുമെന്നാണ് വിലയിരുത്തൽ. ഇവിടെ പ്രത്യേക ശ്രദ്ധ പതിപ്പിച്ചാണ് പ്രചാരണം. ശനിയാഴ്ച കമലക്ക് നോർത് കരോലൈനയിലായിരുന്നു റാലി. മുൻ തെരഞ്ഞെടുപ്പുകളിലൊന്നും കാണാത്ത വിധം വ്യക്തിപരമായ ആരോപണ പ്രത്യാരോപണത്തിലേക്ക് പ്രചാരണം മാറി. പശ്ചിമേഷ്യയിലെ സംഘർഷവും പ്രചാരണ വിഷയമാണ്.
ജൂതവിഭാഗത്തിന്റെയും യുദ്ധവിരുദ്ധ മനോഭാവക്കാരുടെയും വോട്ട് ലക്ഷ്യമിട്ട് തന്ത്രപരമായ മലക്കംമറിയലുകളാണ് കമല ഹാരിസ് നടത്തുന്നത്. മേഖല തിരിച്ചുള്ള പരസ്യ ബോർഡുകളിലും ഈ മാറ്റം കാണാം. ഇസ്രായേലിന് ഉറച്ച പിന്തുണ നൽകുന്ന ട്രംപും താൻ സമാധാന പ്രിയനാണെന്ന സന്ദേശം നൽകാൻ ശ്രമിക്കുന്നുണ്ട്. യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന് അന്ത്യശാസനം നൽകിയെന്ന റിപ്പോർട്ട് വായിക്കപ്പെടുന്നത് ഈ നിലയിലാണ്. അനധികൃത കുടിയേറ്റം, സാമ്പത്തിക പ്രതിസന്ധി, കോർപറേറ്റ് പ്രീണനം, ട്രംപിന്റെ കഴിഞ്ഞ തവണത്തെ കാപിറ്റോൾ കൈയേറ്റം തുടങ്ങിയവയാണ് മറ്റു പ്രധാന പ്രചാരണ വിഷയങ്ങൾ. യു.എസ് പ്രസിഡന്റായി വനിത ഇതുവരെ തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. കമല ഹാരിസ് പുതുചരിത്രമെഴുതുമോ എന്നാണ് ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.