ഇസ്രായേലിനെ പിന്തുണക്കുന്ന ലേബർ പാർട്ടി നേതാവിന്‍റെ നിലപാടിൽ പ്രതിഷേധം; ബ്രിട്ടീഷ് എം.പി രാജിവെച്ചു

ലണ്ടൻ: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ പിന്തുണക്കുന്ന ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമറിന്‍റെ നിലപാടിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് എം.പി രാജിവെച്ചു. ലേബർ പാർട്ടി എം.പി ഇംറാൻ ഹുസൈനാണ് പാർട്ടി പദവി രാജിവെച്ചത്. തൊഴിൽ അവകാശങ്ങളും സംരക്ഷണവും ഉറപ്പുവരുത്താനുള്ള യു.കെയിലെ 'ഷാഡോ മിനിസ്റ്റർ' ആണ് ഇംറാൻ ഹുസൈൻ.

ഗസ്സയിൽ നടക്കുന്ന മനുഷ്യക്കുരുതിയിൽ കെയർ സ്റ്റാർമർ സ്വീകരിച്ച നിലപാടിനെതിരാണ് തന്‍റെ വീക്ഷണമെന്ന് ഇംറാൻ ഹുസൈൻ രാജിക്കത്തിൽ പറയുന്നു. ഒക്ടോബർ 11ന് നൽകിയ ഒരു അഭിമുഖത്തിൽ ഗസ്സയിലെ ഇസ്രായേൽ സൈനിക നടപടിയെ അനുകൂലിക്കുന്നതായി കെയർ സ്റ്റാർമർ അഭിപ്രായപ്പെട്ടെന്നും ഹുസൈൻ ചൂണ്ടിക്കാട്ടി.

ഗസ്സയിലെ നിരാശാജനകമായ സാഹചര്യം ചൂണ്ടിക്കാട്ടാനാണ് ശ്രമിക്കുന്നത്. രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു. ലേബർ പാർട്ടി വെടിനിർത്തലിന് ആഹ്വാനം ചെയ്യണം. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. എന്നാൽ, ഇത് ഒരിക്കലും സിവിലിയന്മാരെ സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര നിയമം മനഃപൂർവം ലംഘിക്കുന്നതിനോ യുദ്ധക്കുറ്റങ്ങൾ ചെയ്യുന്നതിനോ ഉള്ള അവകാശമായി മാറില്ല.

ഗസ്സയിൽ മാനുഷിക വെടിനിർത്തലിന് വേണ്ടിയും ദ്വിരാഷ്ട്ര പരിഹാരം വഴി ഇസ്രായേലികൾക്കും ഫലസ്തീനികൾക്കും സമാധാനം നൽകുന്ന ശാശ്വത പ്രമേയത്തിനും വേണ്ടിയും ലേബർ പാർട്ടിയിൽ നിന്ന് പ്രവർത്തിക്കുമെന്നും ഇംറാൻ ഹുസൈൻ രാജിക്കത്തിൽ ചൂണ്ടിക്കാട്ടുന്നു.


Tags:    
News Summary - UK Labour MP resigns from party frontbench over leader’s Gaza stance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.