കിയവ്: റഷ്യൻ അധിനിവേശത്തിന്റെ ഏഴാം നാൾ യുക്രെയ്ൻ 'ഉണർന്നത്' വ്യോമാക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന സൈറണുകളുടെ ശബ്ദത്തോടെയാണ്. രാത്രി മുഴുവൻ നീണ്ട സ്ഫോടനങ്ങൾക്കും ഷെല്ലാക്രമണങ്ങൾക്കും പുറമെ കനത്ത മഞ്ഞും കാരണം ജീവനും മുറുകെ പിടിച്ച് ഉറക്കമില്ലാത്ത രാത്രികളാണ് യുക്രെയ്ൻ ജനത തള്ളിനീക്കുന്നത്. ഇതിനിടെയാണ് വ്യോമാക്രമണ മുന്നറിയിപ്പ്. പല നഗരങ്ങളിലും ഭക്ഷ്യസാധനങ്ങൾ തീർന്നുകൊണ്ടിരിക്കുന്നു. ജനവാസ മേഖലയിലും റഷ്യ ആക്രമണം നടത്തുന്ന നടുക്കുന്ന ദൃശ്യങ്ങളാണ് ഓരോ ദിവസവും നാട്ടുകാർ കാണുന്നത്. ഇതിനെല്ലാം പുറമെയാണ് റഷ്യൻ ചാരന്മാരുടെ ഒറ്റിക്കൊടുക്കലുകളും.
64 കിലോമീറ്റർ (40 മൈൽ) നീണ്ട റഷ്യൻ പീരങ്കിപ്പട്ടാളം കിയവ് നഗരത്തിലേക്ക് കൂടുതൽ മുന്നേറുമ്പോൾ പ്രത്യാക്രമണവും ശക്തമാക്കുകയാണ് യുക്രെയ്ൻ. റഷ്യൻ പടയെ തടയാൻ കിയവിലെ ഇൻഡിപെൻഡൻസ് ചത്വരമായ മൈദാൻ നെസലെഷ്നോസ്റ്റിയിൽ മണൽ ചാക്കുകളും കമ്പിവേലികളുംകൊണ്ട് ബാരിക്കേഡുകൾ തീർത്തിരിക്കുകയാണ് യുക്രെയ്ൻ ജനത. ഓരോരുത്തരും ഓരോ പട്ടാളക്കാരനായി മാറി റഷ്യയുടെ അധിനിവേശത്തെ ഫലപ്രദമായി ചെറുത്തുകൊണ്ടിരിക്കുകയാണ്. തോൽക്കാൻ മനസ്സില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച്...
എല്ലാം കാലി
കിയവ് അടക്കമുള്ള പ്രധാന നഗരങ്ങളിലെല്ലാം തന്നെ ആളുകളെ കാണാനാകുക പലചരക്ക് കടകൾക്കും മെഡിക്കൽ ഷോപ്പുകൾക്കും മുന്നിലാണ്. പെച്ചർസ്കി ജില്ലയിലെ സൂപ്പർമാർക്കറ്റ് ശൃംഖലയായ സിൽപോയുടെ അലമാരകളെല്ലാം ശൂന്യമാണ്. വിലകുറഞ്ഞ ഭക്ഷണങ്ങളെല്ലാം തന്നെ കഴിഞ്ഞിരിക്കുന്നു. റൊട്ടിയോ പച്ചക്കറികളോ ഏതെങ്കിലും തരത്തിലുള്ള എണ്ണകളോ, മാംസമോ സോസേജുകളോ ഇല്ല. യുദ്ധത്തിന് തൊട്ടുമുമ്പ് തായ്ലൻഡിൽനിന്ന് എത്തിച്ച സ്പാനിഷ് ഹാം, ഫ്രഞ്ച് ചീസ്, സ്വിസ് ചോക്ലറ്റ്, മാമ്പഴം എന്നിങ്ങനെ വിലകൂടിയവ മാത്രമാണ് അവശേഷിക്കുന്നത്. നാളെ സാധനങ്ങൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എന്നാൽ, അതത്ര എളുപ്പമല്ലെന്നും കടയിലെ ജീവനക്കാരനായ കോൺസ്റ്റാന്റിൻ പറഞ്ഞു. സിൽപോയിൽ നിന്ന് വളരെ അകലെയല്ലാത്ത മെഡിക്കൽ ഷോപ്പിന് മുന്നിലും ആളുകൾ ക്ഷമയോടെ കാത്തുനിൽക്കുന്നു.
വേട്ടക്കാരായി റഷ്യൻ ചാരന്മാരും
ഭൂഗർഭ മെട്രോ സ്റ്റേഷന്റെ ഷെൽട്ടറിലേക്ക് ആളുകൾ ഒഴുകുന്നത് ഇപ്പോഴും തുടരുന്നുണ്ട്. കാക്കി യൂനിഫോമും മുഖംമൂടിയും ധരിച്ച തോക്കുധാരികളായ സൈനിക ഉദ്യോഗസ്ഥരുടെ സംഘം മെട്രോ സ്റ്റേഷനിലേക്ക് വരുന്ന ഓരോരുത്തരെയും പരിശോധിച്ചശേഷമാണ് കടത്തിവിടുന്നത്. സമാനമായ സേനാസംഘം ഓരോ കാറും ട്രക്കും നിർത്തി പരിശോധിക്കുകയും ചെയ്യുന്നു. ഡ്രൈവർമാരും വഴിയാത്രക്കാരും തങ്ങളുടെ ഐ.ഡി കാർഡുകളും ബാഗുകളും കാർ ഡിക്കിയും തുറന്നുകാണിച്ച ശേഷമാണ് മുന്നോട്ടുപോകുന്നത്. കിയവിൽ ഇതിനകം റഷ്യൻ ചാരന്മാർ പ്രവർത്തിക്കുന്നുണ്ട്. അവർ തന്ത്രപ്രധാന കേന്ദ്രങ്ങൾ കണ്ടെത്തി കഴിഞ്ഞു. അവരെ പിടികൂടി തടങ്കലിൽ വെക്കേണ്ടതുള്ളതായി ഒരു സൈനികൻ മുന്നറിയിപ്പ് നൽകുന്നു. എല്ലാ അപാർട്ട്മെന്റിൽ താമസിക്കുന്നവർക്കും അവരുടേതായ വാട്സ്ആപ്, വൈബർ കൂട്ടായ്മകൾ ഉണ്ട്. ഇതിലൂടെയാണ് അവർ എല്ലാ വാർത്തകളും വിവരങ്ങളും കൈമാറുന്നത്. സംശയാസ്പദമായ എന്തു കാര്യമുണ്ടായാലും അവർ ഇത് ഇത്തരം കൂട്ടായ്മകളിലും അയൽക്കാരുമായും പങ്കുവെക്കുന്നു. 'ജാഗ്രത പാലിക്കുക എന്ന സിവിൽ ഡ്യൂട്ടി'-ഓരോരുത്തരും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.