ആശുപത്രിയിലെ റഷ്യൻ ആക്രമണം: ദുഃഖാചരണത്തിൽ യുക്രെയ്ൻ

കിയവ്: കഴിഞ്ഞ ദിവസത്തെ റഷ്യൻ മിസൈൽ ആക്രമണത്തിൽ തകർന്ന കിയവിലെ കുട്ടികളുടെ ആശുപത്രി പുനരുദ്ധരിക്കുന്നതിനുള്ള ശ്രമം ഊർജിതം. യൂറോപ്പിലെ ഏറ്റവും വലിയ കുട്ടികളുടെ ആശുപത്രികളിലൊന്നായ ഒഖ്മാത്ഡിറ്റ് ഹോസ്റ്റലിനുനേരെയാണ് ആക്രമണമുണ്ടായത്. 38 പേരാണ് ആക്രമണത്തിൽ മരിച്ചത്. കൊല്ലപ്പെട്ടവർക്ക് അനുശോചനമർപ്പിച്ച് യുക്രെയ്നിൽ ഒരു ദിവസത്തെ ദു:ഖാചരണം നടത്തി. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി.

ചൊവ്വാഴ്ച രാവിലെ ആശുപത്രിയിലെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. ആശുപത്രിയിലെ മുഴുവൻ രോഗികളെയും മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു. ഒരു യുവ ഡോക്ടറും ആക്രമണത്തിൽ മരിച്ചതായി ആശുപത്രി ജനറൽ ഡയറക്ടർ വൊളോദിമിർ ഷോവ്നിർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആശുപത്രിയിലെ ഡയാലിസിസ് കെട്ടിടം പൂർണമായി തകർന്നു. നാല് കെട്ടിടങ്ങൾ ഭാഗികമായും തകർന്നു. 7.3 ദശലക്ഷം ഡോളറിന്റെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.

അതിനിടെ, ആശുപത്രിക്കുനേരെ മിസൈൽ പതിക്കുന്നതിന്റെയും വൻ സ്ഫോടനമുണ്ടാകുന്നതിന്റെയും വിഡിയോ പുറത്തുവന്നു. റഷ്യയുടെ കെ.എച്ച്-101 ക്രൂസ് മിസൈലാണ് ഇതെന്ന് യുക്രെയ്ൻ സെക്യൂരിറ്റി സർവിസസ് പറഞ്ഞു. ഇതിന്റെ തെളിവുകൾ സംഭവസ്ഥലത്തുനിന്ന് ലഭിച്ചതായും അധികൃതർ പറഞ്ഞു. അതേസമയം, ആശുപത്രിയുടെ പുനരുദ്ധാരണത്തിന് സംഭാവന നൽകുമെന്ന് രാജ്യത്തെ വൻകിട ബിസിനസുകാർ പ്രഖ്യാപിച്ചു.

റഷ്യൻ ആക്രമണത്തെ അപലപിച്ച് ബൈഡൻ

വാഷിങ്ടൺ: യുക്രെയ്നിൽ ആശുപത്രിക്കുനേരെയുണ്ടായ റഷ്യൻ ആക്രമണത്തെ അപലപിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. റഷ്യയുടെ പൈശാചികതയെ ഓർമപ്പെടുത്തുന്നതാണ് ആക്രമണമെന്ന് പറഞ്ഞ അദ്ദേഹം യുക്രെയ്നിെന്റ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

തിങ്കളാഴ്ച യുക്രെയ്ൻ തലസ്ഥാനമായ കിയവിലെ കുട്ടികളുടെ ആശുപത്രിയിൽ ഉൾപ്പെടെയുണ്ടായ ആക്രമണങ്ങളിൽ 190 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതേസമയം, ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയെന്ന ആരോപണം റഷ്യ നിഷേധിച്ചു. എന്നാൽ, ആക്രമണം നടത്തിയത് റഷ്യ ആയിരിക്കാൻ എല്ലാ സാധ്യതയുമുണ്ടെന്ന് യു.എൻ പ്രതികരിച്ചു.

Tags:    
News Summary - Ukraine mourns after day of Russian air strikes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.