കിയവ്: റഷ്യയുടെ പുതിയ മിസൈൽ ആക്രമണ ഭീഷണിയെ തുടർന്ന് പാർലമെന്റ് സമ്മേളനം റദ്ദാക്കി യുക്രെയ്ൻ. നേരത്തെ നിശ്ചയിച്ചിരുന്ന സമ്മേളനം റദ്ദാക്കിയ കാര്യം മൂന്ന് പാർലമെന്റ് അംഗങ്ങൾ സ്ഥിരീകരിച്ചു. അതേസമയം, പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുടെ ഓഫിസ് ഔദ്യോഗിക സുരക്ഷയിൽ പ്രവർത്തനം തുടരുമെന്നും വക്താവ് അറിയിച്ചു. കിയവിലെ പല വിദേശ രാജ്യങ്ങളുടെയും നയതന്ത്ര കാര്യങ്ങൾ അടച്ചുപൂട്ടിയതിന് പിന്നാലെയാണ് പാർലമെന്റ് സമ്മേളനം റദ്ദാക്കിയത്.
യുക്രെയ്നിലേക്ക് പുതുതായി വികസിപ്പിച്ച ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചത് യു.എസിനുള്ള മുന്നറിയിപ്പാണെന്ന് റഷ്യൻ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി.
ഒറെഷ്നിക് എന്ന് പേരിട്ട പുതിയ മിസൈൽ തൊടുത്തതായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വെളിപ്പെടുത്തിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ദിമിത്രി. യു.എസിന്റെയും ബ്രിട്ടന്റെയും മിസൈലുകളുപയോഗിച്ച് റഷ്യയെ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്നാണ് മുന്നറിയിപ്പ്. ബാധ്യതയൊന്നുമില്ലെങ്കിലും മിസൈൽ ആക്രമണത്തിന്റെ 30 മിനിറ്റുമുമ്പ് യു.എസിന് മുന്നറിയിപ്പ് നൽകിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
ശബ്ദത്തിനേക്കാൾ പതിന്മടങ്ങ് വേഗതയിൽ സഞ്ചരിക്കുന്ന ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലിനെ തടയാൻ യു.എസിന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് കഴിയില്ലെന്ന് പുടിൻ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.